തടവുകാരുടെ മക്കൾക്ക് ധനസഹായവുമായി കേരള സർക്കാർ

0
83

തിരുവനന്തപുരം: ജയിലില്‍ കഴിയുന്നവരുടെ മക്കള്‍ക്കുളള വിദ്യാഭ്യാസ ധനസഹായത്തിന് 15 ലക്ഷം രൂപയും, പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുളള ധനസഹായത്തിന് അഞ്ച് ലക്ഷം രൂപയും അനുവദിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. കുടുംബത്തിലെ അന്നദാതാക്കള്‍ ജയിലിലാവുമ്ബോള്‍ കുറ്റമൊന്നും ചെയ്യാത്ത കുട്ടികളുടെ പഠനം മുടങ്ങിപോവാറുണ്ട്. അങ്ങനെ പഠനം തടസമാകാതിരിക്കാനാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.

 

പദ്ധതി പ്രകാരം അഞ്ച് വയസിന് താഴെയുളള കുഞ്ഞുങ്ങള്‍ക്കും, ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസിലുളള കുട്ടികള്‍ക്കും പ്രതിമാസം 300 രൂപാ വീതവും ആറ് മുതല്‍ പത്ത് വരെ ക്ലാസിലുളള കുട്ടികള്‍ക്ക് 500 രൂപാ വീതവും ധനസഹായം ലഭിക്കും.പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ക്ക് 750 രൂപയാണ് ലഭിക്കുക. സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളിലും, മെരിറ്റ് സീറ്റില്‍ അണ്‍ എയ്ഡഡ് കോളേജുകളില്‍ ഡിഗ്രി പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കുട്ടികള്‍ക്കും 1000 രൂപാ വീതം പ്രതിമാസം തുക അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

 

പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുളള ധനസഹായം ജീവപര്യന്തമോ വധശിക്ഷയ്ക്കോ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ച്‌ വരുന്ന തടവുകാരുടെ കുട്ടികള്‍ക്കാണ്. സംസ്ഥാനത്തിന് അകത്തുളള സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ ഡിഗ്രി തലത്തിലുളള പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നതിന് വാര്‍ഷിക ഫീസും ഹോസ്റ്റല്‍ ഫീസും ഉള്‍പ്പടെ സര്‍ക്കാര്‍ നിരക്കിലുളള ഫീസ് അനുവദിക്കുന്ന പദ്ധതിയാണിത്. വിവിധ കോഴ്‌സുകള്‍ക്ക് ഫീസ് ഘടനയില്‍ വ്യത്യാസമുളളതിനാല്‍ ഒരു കുട്ടിയ്ക്ക് പരമാവധി ഒരു ലക്ഷം രൂപ എന്ന നിലയിലാണ് തുക അനുവദിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here