അരുണാചല്‍ പ്രദേശിലെ 11 സ്ഥലങ്ങള്‍ക്ക് ചൈന പുതിയ പേരിട്ട സംഭവത്തില്‍ പ്രതികരണവുമായി ഇന്ത്യ. ‘ടിബറ്റിന്റെ തെക്കന്‍ ഭാഗമായ സാങ്‌നാന്‍’ എന്നാണ് ഈ പ്രദേശത്തെ ചൈന വിശേഷിപ്പിച്ചത്. എന്നാല്‍ യാഥാര്‍ത്ഥ്യത്തെ ഒരു തരത്തിലും മാറ്റാനാകില്ല എന്നാണ് സംഭവത്തോട് ഇന്ത്യ പ്രതികരിച്ചിരിക്കുന്നത്.
അരുണാചല്‍ പ്രദേശിന് മേല്‍ അവകാശവാദം ഉന്നയിക്കാനുള്ള ചൈനയുടെ ശ്രമത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അപലപിച്ചു. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഭാഗമാണെന്നും എന്നും അത് തുടരുമെന്നും പേരുകള്‍ നല്‍കാനുള്ള ശ്രമങ്ങള്‍ ഈ യാഥാര്‍ത്ഥ്യത്തെ മാറ്റില്ലെന്നും ട്വിറ്ററില്‍ കുറിച്ചു.’ഇത്തരം റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട്. ഇതാദ്യമായല്ല ചൈന ഇത്തരമൊരു ശ്രമം നടത്തുന്നത് . ഞങ്ങള്‍ ഇതിനെ പൂര്‍ണ്ണമായും തള്ളിക്കളയുന്നു’ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു .
ചൈനയുടെ കാബിനറ്റിന്റെ സ്റ്റേറ്റ് കൗണ്‍സില്‍ പുറപ്പെടുവിച്ച ഭൂമിശാസ്ത്രപരമായ പേരുകള്‍ സംബന്ധിച്ച നിയന്ത്രണങ്ങള്‍ പാലിച്ച് ചൈനീസ്, ടിബറ്റന്‍, പിന്‍യിന്‍ എന്നിവയിലുള്ള സ്റ്റാന്‍ഡേര്‍ഡ് പേരുകളാണ് ചൈനയുടെ സിവില്‍ കാര്യ മന്ത്രാലയം പുറത്തിറക്കിയത്. രണ്ട് ഭൂപ്രദേശങ്ങള്‍, രണ്ട് റെസിഡന്‍ഷ്യല്‍ ഏരിയകള്‍, അഞ്ച് പര്‍വതശിഖരങ്ങള്‍, രണ്ട് നദികള്‍ എന്നിവയ്ക്കൊപ്പം അവയുടെ കീഴിലുള്ള ഭരണപരമായ ജില്ലകളും പട്ടികയില്‍ ഉള്‍പ്പെടുന്നു. ചൈനയുടെ സിവില്‍ അഫയേഴ്സ് മന്ത്രാലയം പുറപ്പെടുവിച്ച പേരുകളുടെ മൂന്നാമത്തെ ബാച്ചാണ് ഇതെന്ന് സര്‍ക്കാര്‍ നടത്തുന്ന ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2017 ല്‍ ആറ് സ്ഥലങ്ങളുടെ ആദ്യ ബാച്ചും 2021 ല്‍ 15 സ്ഥലങ്ങളുടെ രണ്ടാമത്തെ ബാച്ച് പേരുകളും പ്രഖ്യാപിച്ചിരുന്നു.
ചൈനയുടെ കാബിനറ്റിന്റെ സ്റ്റേറ്റ് കൗണ്‍സില്‍ പുറപ്പെടുവിച്ച ഭൂമിശാസ്ത്രപരമായ പേരുകള്‍ സംബന്ധിച്ച നിയന്ത്രണങ്ങള്‍ പാലിച്ച് ചൈനീസ്, ടിബറ്റന്‍, പിന്‍യിന്‍ എന്നിവയിലുള്ള സ്റ്റാന്‍ഡേര്‍ഡ് പേരുകള്‍ ചൈനയുടെ സിവില്‍ കാര്യ മന്ത്രാലയം പുറത്തിറക്കി. രണ്ട് ഭൂപ്രദേശങ്ങള്‍, രണ്ട് റെസിഡന്‍ഷ്യല്‍ ഏരിയകള്‍, അഞ്ച് പര്‍വതശിഖരങ്ങള്‍, രണ്ട് നദികള്‍ എന്നിവയ്ക്കൊപ്പം അവയുടെ കീഴിലുള്ള ഭരണപരമായ ജില്ലകളും പട്ടികയില്‍ ഉള്‍പ്പെടുന്നു.
അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേരുമാറ്റാനുള്ള ചൈനയുടെ നീക്കം ഇന്ത്യ നേരത്തെ തള്ളിയിരുന്നു. സംസ്ഥാനം എക്കാലവും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും കണ്ടുപിടിച്ച പേരുകള്‍ നല്‍കിയാല്‍ വസ്തുത മാറില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പേരുകള്‍ പ്രഖ്യാപിക്കുന്നത് നിയമാനുസൃതമായ നീക്കമാണെന്നും ഭൂമിശാസ്ത്രപരമായ പേരുകള്‍ മാനദണ്ഡമാക്കാനുള്ള ചൈനയുടെ പരമാധികാര അവകാശമാണെന്നും ചൈനീസ് വിദഗ്ധരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.