പഠനത്തില്‍ മികവ് തെളിയിച്ചിട്ടും സാമ്പത്തിക പ്രയാസങ്ങള്‍ കാരണം തുടര്‍ പഠനത്തിനു ബുദ്ധിമുട്ടുന്ന വിദ്യാര്‍ഥികള്‍ക്ക് വീണ്ടും കൈത്താങ്ങുമായി നടന്‍ മമ്മൂട്ടി. പ്ലസ് ടു ജയിച്ച നിര്‍ധനവിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരമൊരുക്കുകയാണ് മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ‘വിദ്യാമൃതം-3’ വഴി. എം.ജി.എം.ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സുമായി ചേര്‍ന്നാണ് പദ്ധതി.
200 വിദ്യാർഥികൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ ഇതിന്റെ പ്രയോജനം ലഭിക്കും. പദ്ധതിയുടെ ധാരണാപത്രം മമ്മൂട്ടിക്ക് എം.ജി.എം.ഗ്രൂപ്പ് ടെക്നിക്കൽ കോളജസ് വൈസ് ചെയര്‍മാന്‍ വിനോദ് തോമസ് കൈമാറി. എന്‍ജിനീയറിങ്,ഫാര്‍മസി,ബിരുദ,ഡിപ്ലോമ കോഴ്‌സുകളില്‍ തുടര്‍പഠന സഹായം ലഭ്യമാകും. എം.ജി.എം ഗ്രൂപ്പിന്റെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, മലപ്പുറം,കണ്ണൂര്‍ ക്യാമ്പസുകളിലായാണ് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പഠനത്തിന് സൗകര്യമൊരുക്കും. വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ആവിഷ്‌കരിച്ച ‘വിദ്യാമൃതം’പദ്ധതിയുടെ മൂന്നാംഘട്ടമാണിത്. ‘വിദ്യാമൃതം-3’ എന്നാണ് പേര്.
വീട്ടിലെ സാമ്പത്തികസ്ഥിതി മിടുക്കരായ പല കുട്ടികളുടെയും തുടര്‍പഠനത്തിന് തടസ്സമാകുന്നുണ്ടെന്നും അവരുടെ സ്വപ്‌നങ്ങള്‍ സഫലമാക്കുന്നതിന് വഴിയൊരുക്കുകയാണ് ‘വിദ്യാമൃത’ത്തിന്റെ ലക്ഷ്യമെന്നും മമ്മൂട്ടി പറഞ്ഞു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ പി.രാജ്കുമാര്‍, ഫുട്‌ബോള്‍ താരം സി.കെ.വിനീത്, കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍മാരായ എസ്.ജോര്‍ജ്, റോബര്‍ട്ട് കുര്യാക്കോസ് എം ജി എം റിലേഷൻസ് മാനേജർ നിധിൻ ചിറത്തിലാട്ട് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സംസ്ഥാന പ്രസിഡന്റ് അരുൺ എന്നിവരും പങ്കെടുത്തു.