കാത്തിരിപ്പിന് ഇന്ന് ആരംഭം; ‘ടോക്സിക്’ അപ്ഡേറ്റുമായി യഷ്.

0
33

തെലുങ്ക് സിനിമയ്ക്ക് എന്താണോ ബാഹുബലി, അതാണ് കന്നഡ സിനിമയെ സംബന്ധിച്ച് കെജിഎഫ്. അതുവരെ കർണാടകത്തിന് പുറത്തേക്ക് കാര്യമായ റീച്ച് ഇല്ലാതിരുന്ന ചലച്ചിത്ര വ്യവസായത്തെ ഇന്ത്യ മുഴുവനും അറിയപ്പെടുന്നതാക്കി മാറ്റി ആ ഒറ്റ ചിത്രം. നാല് വർഷങ്ങൾക്കിപ്പുറമെത്തിയ രണ്ടാം ഭാഗം കളക്ഷൻ റെക്കോർഡുകൾ പലത് തകർക്കുകയും ചെയ്തു. എന്നാൽ കെജിഎഫിന് ശേഷം ചിത്രത്തിലെ നായക കഥാപാത്രമായ റോക്കി ഭായിയെ അവതരിപ്പിച്ച യഷിൻറെ ഒരു ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിട്ടില്ല. ഇപ്പോഴിതാ രണ്ട് വർഷങ്ങൾക്കിപ്പുറം യഷ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്.

കെജിഎഫിന് ശേഷം യഷ് നായകനാവുന്ന ടോക്സിക് എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയാണ് ഇന്ന്. രണ്ട് ദിവസം മുൻപുതന്നെ ഇത് സംബന്ധിച്ച അനൌദ്യോഗിക റിപ്പോർട്ടുകൾ എത്തിയിരുന്നു. ഇപ്പോഴിതാ യഷ് തന്നെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. നിർമ്മാതാവ് വെങ്കട് കെ നാരായണയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെയാണ് യഷ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. യാത്ര തുടങ്ങുന്നു എന്നാണ് ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത്. ഒപ്പം ടോക്സിക് എന്ന ടാഗും ഉണ്ട്.

മലയാളി സംവിധായിക ഗീതു മോഹൻദാസ് ആണ് ചിത്രത്തിൻറെ സംവിധാനം. 2023 ഡിസംബർ 8 ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. കെജിഎഫ് താരത്തിൻറെ, കെജിഎഫ് 2 ന് ശേഷമുള്ള ചിത്രമെന്ന നിലയിൽ പാൻ ഇന്ത്യൻ ശ്രദ്ധ നേടുന്ന പ്രോജക്റ്റ് ആണ് ടോക്സിക്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ മലയാളി സിനിമാപ്രേമികൾക്ക് അധിക കൗതുകവുമുണ്ട് ഈ ചിത്രത്തോട്. ബംഗലൂരുവിലാണ് സിനിമയുടെ ചിത്രീകരണത്തിന് ആരംഭം.

LEAVE A REPLY

Please enter your comment!
Please enter your name here