‘കേരളം സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പുലർത്താത്ത സംസ്ഥാനം’: മുഖ്യമന്ത്രി

0
64

തിരുവനന്തപുരം: സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പുലർത്താത്ത സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുതന്നെയാണ് സർക്കാരിന്റെ സമീപനം. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിലെ സ്ത്രീകൾ സുരക്ഷിതരല്ല എന്ന നിലയിൽ പ്രചാരണം നടത്തുന്നതു നല്ല പ്രവണതയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളെക്കുറിച്ചും അവ നേരിടുന്നതിനെക്കുറിച്ചും അവബോധം നൽകുന്നതിനായി പൊലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘വിങ്സ് 2023’ വിമൻ സേഫ്റ്റി എക്സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളെ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. അതിൽ ഉൾപ്പെടുന്ന കുറ്റവാളികൾ എത്ര ഉന്നതരായാലും നിയമത്തിനുമുന്നിൽ എത്തിക്കും. അടുത്ത കാലത്തുണ്ടായ ചില സംഭവങ്ങൾ പരിശോധിച്ചാൽ ആർക്കും ഇതു മനസിലാക്കാം. പൊലീസിന്റെ അപരാജിത ഹെൽപ് ലൈൻ, പൊലീസ് സ്റ്റേഷനുകളിലെ വനിതാ ഹെൽപ് ഡെസ്‌ക്, പിങ്ക് പ്രൊട്ടക്‌ഷൻ പ്രൊജക്ട്, സൈബർ പൊലീസ് സ്റ്റേഷനുകൾ, സെൽഫ് ഡിഫൻസ് ട്രെയിനിങ് തുടങ്ങിയ നിരവധി കാര്യങ്ങളും നിലവിലുണ്ട്.

ഇതെല്ലാമുണ്ടെങ്കിലും എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോൾ അവ പരിഹരിക്കുന്നതിനായി ഇവ ഉപയോഗപ്പെടുത്താൻ പലരും തയാറാകുന്നില്ലെന്നത് ഗൗരവമായ കാര്യമാണ്. സ്ത്രീ സുരക്ഷാ നിയമങ്ങൾ സംബന്ധിച്ച അറിവില്ലായ്മയും നീതി ലഭ്യമാക്കുന്നതിന്റെ മാർഗങ്ങളിലുള്ള സങ്കീർണതയും കുടുംബത്തിന്റെ അവസ്ഥയുമൊക്കെയാണ് ഇതിനു കാരണം. ഇതു മാറിയേ തീരൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here