രാഹുലിനെതിരായ വിധിയില്‍ കോണ്‍ഗ്രസ് അപ്പീല്‍ നല്‍കും; നിയമപോരാട്ടത്തിന് അഞ്ചംഗ സമിതിയെന്ന് കെ സി വേണുഗോപാല്‍

0
65

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ച സൂറത്ത് കോടതി വിധിക്കെതിരെ കോൺഗ്രസ് അപ്പീൽ നൽകും. നിയമ പോരാട്ടത്തിനായി അ‍ഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയതായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിന്റേത് ഒറ്റപ്പെട്ട സംഭവമല്ല, എന്നും പ്രതിപക്ഷ നേതാക്കളെ ഒന്നടങ്കം വേട്ടയാടുകയാണെന്നും കെ സി വേണുഗോപാൽ വിമര്‍ശിച്ചു.

എതിര്‍ ശബ്ദത്തെ മുഴുവന്‍ കേന്ദ്രം നിശബ്ദമാക്കാന്‍ ശ്രമിക്കുകയാണെന്നും ജനാധിപത്യത്തെ കറുത്ത അധ്യായത്തിലേക്ക് കൊണ്ടുപോകുന്നുവെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരിൻ്റെ തെറ്റുകൾ മൂടിവയ്ക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. മോദിയുടെ തെറ്റുകൾക്കെതിരെ പ്രതികരിക്കുന്നവരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നിശബ്ദരാക്കുന്നു. ഭാരത് ജോഡോ യാത്ര ബിജെപിക്ക് വെല്ലുവിളിയായി. അതോടെയാണ് രാഹുലിനെ കുരുക്കാനുള്ള ശ്രമം തുടങ്ങിയതെന്ന് ആരോപിപിച്ച കെ സി വേണുഗോപാൽ, പാർലമെൻറിലെ രാഹുലിൻ്റെ ഏത് വാക്കാണ് മോശമായതെന്നും ചോദിച്ചു. രാഹുലിൻ്റെ ശബ്ദമുയർത്താൻ സമ്മതിക്കുന്നില്ലെന്നും അദ്ദംഹം കൂട്ടിച്ചേര്‍ത്തു.

സൂറത്ത് കോടതിയിലെ കേസിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് ആരോപിച്ച കെ സി വേണുഗോപാൽ, വിധിക്കെതിരെ കോൺഗ്രസ് അപ്പീൽ പോകുമെന്നും അറിയിച്ചു. അഭിമന്യുവിനെ പദ്മവ്യൂഹത്തിൽപ്പെടുത്തിയത് പോലെ രാഹുലിനെ കേസുകളിൽ കുടുക്കിയിരിക്കുകയാണ്. എല്ലാ വെല്ലുവിളികളെയും നേരിടും. വിധിക്കെതിരെ അപ്പീൽ നൽകാനായി പ്രത്യേക നിയമസംഘത്തെ രൂപീകരിക്കും. മനു അഭിഷേക് സിംഗ് വി, പി.ചിദംബരം, സൽമാൻ ഖുർഷിദ്, വിവേക് തൻഖ, രാഹുലിൻ്റെ അഭിഭാഷകൻ ആർ എസ് ചീമ എന്നിവരാണ് വിദഗ്ധ സമിതിയിലുണ്ടാവുകയെന്നും കെ സി വേണുഗോപാൽ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here