മെസ്സി മികച്ച താരം, മാർട്ടിനസ് ഗോൾകീപ്പർ, സ്കലോണി പരിശീലകൻ; ഫിഫ ദ ബെസ്റ്റ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

0
59

പാരീസ്: ഫിഫയുടെ കഴിഞ്ഞ സീസണിലെ ‘ഫിഫ ദ ബെസ്റ്റ്’ പുരസ്‌കാരം കരസ്ഥമാക്കി അർജന്റീനിയൻ സൂപ്പർ താരം ലയണല്‍ മെസ്സി. ഇത് രണ്ടാം തവണയാണ് മെസി ഫിഫ ദ ബെസ്റ്റ് പുരസ്കാരം നേടുന്നത്. ഏഴുവട്ടം ബാലണ്‍ ദ്യോര്‍ നേടിയിട്ടുള്ള മെസ്സിക്ക് 2019ലും പുരസ്‌കാരം ലഭിച്ചിരുന്നു.

ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയെയും കരിം ബെന്‍സേമയെയും പിന്നിലാക്കിയാണ് മെസ്സിയുടെ നേട്ടം. ഖത്തർ ലോകകപ്പിലെ മികവും പിഎസ് ജിയെ ഫ്രഞ്ച് ലീഗ് കിരീടം നേടാൻ സഹായിച്ചതുമാണ് പുരസ്കാരത്തിന് അർഹനാക്കിയത്.

മികച്ച വനിതാ താരമായി സ്‌പെയിനിന്റെ അലക്‌സിയ പുട്ടെയാസിനെ തിരഞ്ഞെടുത്തു. അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസാണ് മികച്ച ഗോള്‍കീപ്പര്‍. അര്‍ജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ലയണല്‍ സ്‌കലോണിയാണ് മികച്ച പരിശീലകന്‍. മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം അര്‍ജന്റീനിയന്‍ ആരാധകര്‍ സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ സറീന വെയ്ഗ്‌മാനാണ് മികച്ച വനിതാ ടീം കോച്ച്.

2016 മുതലാണ് ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ആരംഭിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷവും പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയാണ് മികച്ച താരമായത്.

സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിനും ഫ്രഞ്ച് ടീമിനുംവേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ബെന്‍സേമയെ അവസാനറൗണ്ടില്‍ എത്തിച്ചത്. കഴിഞ്ഞ സീസണിലെ ബാലണ്‍ ദ്യോര്‍ പുരസ്‌കാരം നേടിയിരുന്നു. ലോകകപ്പ് ഫൈനലില്‍ ഹാട്രിക് നേടിയതടക്കമുള്ള പ്രകടനമാണ് പിഎസ് ജി താരം കിലിയന്‍ എംബാപ്പെയ്ക്കുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here