ന്യൂഡൽഹി: ഡല്‍ഹി ഹജ്ജ് കമ്മിറ്റി ചെയര്‍പെഴ്‌സനായി ബിജെപി വനിതാ നേതാവ് കൗസര്‍ ജഹാന്‍ തെരഞ്ഞെടുക്കപ്പെട്ടു. ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് ഹജ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ബിജെപി പിടിച്ചെടുത്തത്. മുസ്ലിംകള്‍ക്ക് ബിജെപിയില്‍ വിശ്വാസം വര്‍ധിക്കുന്നതിന്റെ തെളിവാണ് കൗസര്‍ ജഹാന്റെ വിജയമെന്ന് ദല്‍ഹി ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് വീരേന്ദ്ര സച് ദവേ പറഞ്ഞു.
ഹജ്ജ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ വനിതയാണ് കൗസര്‍ ജഹാന്‍. ദല്‍ഹി സെക്രട്ടറിയേറ്റില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അഞ്ച് കമ്മിറ്റി അംഗങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ മൂന്ന് വോട്ട് കൗസര്‍ ജഹാന് ലഭിച്ചു. എഎപിയില്‍ നിന്നും ബിജെപിയില്‍ നിന്നും രണ്ടു വീതം അംഗങ്ങളടക്കം കമ്മിറ്റിയില്‍ ആറു പേരാണുള്ളത്. മുസ്ലിം പണ്ഡിതന്‍ മുഹമ്മദ് സഅദ്, കോണ്‍ഗ്രസ് കൗണ്‍സിലര്‍ നാസിയ ഡാനിഷ് എന്നിവരാണ് മറ്റംഗങ്ങള്‍.
ബിജെപി അംഗങ്ങളില്‍ പാര്‍ട്ടി എം.പി ഗൗതം ഗംഭീറും ഉള്‍പ്പെടുന്നു. നാസിയ ഡാനിഷ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. അതേസമയം കോൺഗ്രസ്-ബി.ജെ.പി ഒത്തുകളിയിലൂടെയാണ് ബിജെപി നേതാവ് കൗസർ ജഹാൻ ഡൽഹി ഹജ്ജ് കമ്മിറ്റി ചെയർപേഴ്‌സണായതെന്ന് എഎപി ആരോപിച്ചു. കോൺഗ്രസ് അംഗത്തെ കമ്മിറ്റിയിലേക്ക് നാമനിർദേശം ചെയ്തതിലൂടെ അപമാനകരമായ ഇടപെടലാണ് ഡൽഹി ലഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന നടത്തിയതെന്ന് എഎപി വക്താവ് സൗരഭ് ഭരദ്വാജ് ആരോപിച്ചു.
”കോൺഗ്രസ് അംഗം നാസിയ ഡാനിഷിനെ ലഫ്റ്റനന്റ് ഗവർണർ നോമിനേറ്റ് ചെയ്തതാണ്. അത് ശരിയല്ല. ഒടുവിൽ അവർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന് ബി.ജെ.പി പ്രതിനിധിയുടെ വിജയം ഉറപ്പാക്കി. അവർ ബി.ജെ.പി പ്രതിനിധിക്ക് വോട്ട് ചെയ്തിരുന്നെങ്കിൽ അവരുടെ സമുദായം അത് ചോദ്യം ചെയ്യുമായിരുന്നു. അതുകൊണ്ടാണ് തന്ത്രപൂർവം വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നത്”-സൗരഭ് പറഞ്ഞു. ബി.ജെ.പി സ്ഥാനാർഥിയെ വിജയിപ്പിക്കാനായി കോൺഗ്രസ് മനപ്പൂർവം വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു എന്നാണ് എഎപി ആരോപിക്കുന്നത്.