ഗോജി ബെറി എന്ന പഴത്തെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? ലഡാക്കില്‍ സുലഭമായി കാണപ്പെടുന്ന ഇവ വലിപ്പത്തില്‍ ചെറുതെങ്കിലും പോഷകസമൃദ്ധമാണ്.
നല്ല മധുരമുള്ള ഗോജി ബെറി പഴത്തില്‍ വിറ്റാമിന്‍ സി, പൊട്ടാസ്യം, സിങ്ക്, തയാമിന്‍, സെലിനിയം, കോപ്പര്‍, റൈബോഫ്ലേവിന്‍, അയേണ്‍, അമിനോ ആസിഡുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇന്ത്യയില്‍ ലഡാക്കില്‍ മാത്രമാണ് ഇവ വളരുന്നത്. എന്നാല്‍, ചൈനയില്‍ ഇത് കൂടുതലായി കാണപ്പെടുന്നു.
ഒരു കുറ്റിച്ചെടിയാണ് ഗോജി ബെറി. ചുവന്ന നിറത്തിലുള്ള ഈ സരസഫലങ്ങള്‍ ഏഷ്യന്‍ പാചക കൂട്ടിലെ ഒരംഗമാണ്. 2000 വര്‍ഷത്തിലേറെയായി ചൈനയില്‍ ഗോജി ബെറി ഉപയോഗിച്ചു വരുന്നു. ഒരു പാചക ഇനമായി ഉപയോഗിക്കുന്നതിനു പുറമേ ചൈനീസ്, ജാപ്പനീസ്, കൊറിയന്‍, വിയറ്റ്നാമീസ് മരുന്നുകളുടെ നിര്‍ണായക ഘടകം കൂടിയാണ് ഗോജി ബെറി.
ചൈനയില്‍ കരള്‍ രോഗമുള്ളവര്‍ ഗോജി ബെറി ഉപയോഗിക്കുന്നു. പഠനങ്ങള്‍ അനുസരിച്ച്, കരളിലെ വിഷാംശം ഇല്ലാതാക്കാന്‍ പ്രാപ്തമാക്കുന്ന കോശങ്ങളെ പിന്തുണയ്‌ക്കുന്ന ആന്റിഓക്‌സിഡന്റുകളാല്‍ ഗോജി സരസഫലങ്ങള്‍ നിറഞ്ഞിരിക്കുന്നു. ഈ സരസഫലങ്ങള്‍ കരളിനെ ശുദ്ധീകരിക്കാന്‍ സഹായിക്കും. മാത്രമല്ല, ട്യൂമര്‍ വളര്‍ച്ചയെ തടയാന്‍ ഗോജി ബെറികള്‍ക്ക് കഴിയുമെന്നും ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഗോജി ബെറി പഴങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാന്‍ സഹായിക്കുന്നു. ഇതാണ് പ്രമേഹരോഗികളോട് ഇവ കഴിക്കാന്‍ നിര്‍ദ്ദേശിക്കുന്നത്. ഗോജി ബെറികള്‍ രക്തത്തിലെ ഇന്‍സുലിന്‍, ഗ്ലൂക്കോസ് എന്നിവയുടെ അളവ് സന്തുലിതമാക്കുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ ഗോജി സരസഫലങ്ങള്‍ എച്ച്‌ഡിഎല്‍ അളവ് വര്‍ദ്ധിപ്പിക്കുന്നു എന്നും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ട്യൂമര്‍ വളര്‍ച്ചയെ തടയുന്ന ഒരു പഴമാണ് ഗോജി ബെറി. അതിനാലാണ് ക്യാന്‍സര്‍ രോഗികള്‍ക്ക് ഗോജി ബെറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കുന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, കരോട്ടിനോയിഡുകള്‍, സിയാക്സാന്തിന്‍ എന്നിവയുള്‍പ്പെടെയുള്ള ആന്റിഓക്‌സിഡന്റുകള്‍ ക്യാന്‍സര്‍ കോശങ്ങളെ ചെറുക്കുകയും വീക്കം കുറയ്‌ക്കുകയും ശരീരത്തില്‍ നിന്ന് ദോഷകരമായ വസ്തുക്കളെ നീക്കം ചെയ്യുകയും ചെയ്യുന്നു.
ഒരു ഗവേഷണ പ്രകാരം, നേത്രരോഗങ്ങളും ഫോട്ടോസെന്‍സിറ്റിവിറ്റിയും കുറയ്‌ക്കാന്‍ ഗോജി ബെറികള്‍ക്ക് ഔഷധ ഗുണങ്ങളുണ്ട്. അള്‍ട്രാവയലറ്റ് രശ്മികളുടെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്നും ചുറ്റുമുള്ള ഫ്രീ റാഡിക്കലുകളില്‍ നിന്നും ഇത് കണ്ണുകളെ സംരക്ഷിക്കുന്നു.
ഗോജി സരസഫലങ്ങളില്‍ കാണപ്പെടുന്ന ആരോഗ്യകരമായ ആന്റിഓക്‌സിഡന്റുകള്‍ പ്രതിരോധശേഷി ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. അവയില്‍ വലിയ അളവില്‍ വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു.
ഗോജി ബെറിയില്‍ ബീറ്റൈന്‍ അടങ്ങിയിട്ടുണ്ട്. ഈ മൂലകം ഗര്‍ഭച്ഛിദ്രത്തിനും ഉപയോഗിക്കുന്നു. അത്കൊണ്ട് ഗര്‍ഭിണികള്‍ ഇത് കഴിക്കരുത്. നിങ്ങള്‍ ഗോജി ബെറികള്‍ അമിതമായി കഴിക്കുകയാണെങ്കില്‍, അത് വയറിളക്കത്തിനും ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും കാരണമാകും. ഈ സാഹചര്യത്തില്‍ ഗോജി കഴിക്കുന്നതിനുമുമ്ബ് ഡോക്ടറെ സമീപിക്കുക.