ഭുവനേശ്വര്‍: ജയിച്ചാല്‍ സെമിഫൈനല്‍ പ്രതീക്ഷ തുടരാം, മറിച്ചാണെങ്കില്‍ മടക്കയാത്രക്ക് ടിക്കറ്റെടുക്കാം…സന്തോഷ് ട്രോഫി ഫുട്ബാളില്‍ നിലവിലെ ചാമ്ബ്യന്മാരായ കേരളം വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് ആതിഥേയരായ ഒഡിഷക്കെതിരെ ഇറങ്ങുന്നത് ജീവന്മരണ പോരാട്ടത്തിനാണ്.
ഗ്രൂപ് എയില്‍ ഓരോ ജയവും സമനിലയും തോല്‍വിയുമായി ഇരു ടീമിനും നാല് പോയന്റ് വീതമാണുള്ളത്.
ഗോള്‍ശരാശരിയില്‍ കേരളത്തെ നാലാമതാക്കി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഒഡിഷക്കും മുന്നോട്ടുള്ള പോക്കിന് ജയത്തില്‍ കുറഞ്ഞൊന്നും സ്വീകാര്യമല്ലാത്തതിനാല്‍ കളിയില്‍ വീറുംവാശിയും കൂടുമെന്നുറപ്പ്. ഗോവക്കെതിരെ 2-1 ജയത്തോടെ തുടങ്ങിയ കേരളം 0-1ന് കര്‍ണാടകയോട് തോല്‍ക്കുകയും മൂന്നാം മത്സരത്തില്‍ തോല്‍വിക്കരികില്‍ നിന്ന് ശക്തമായി തിരിച്ചുവന്ന് മഹാരാഷ്ട്രയുമായി 4-4 സമനില പിടിക്കുകയുമായിരുന്നു.
രണ്ട് ഗ്രൂപ്പിലെയും ജേതാക്കളും റണ്ണറപ്പുമാണ് സെമി ഫൈനലിലേക്ക് ടിക്കറ്റെടുക്കുക. അടുത്ത രണ്ട് മത്സരങ്ങളും ജയിച്ചാല്‍ത്തന്നെ മറ്റു ഫലങ്ങള്‍ നോക്കാതെ കേരളത്തിന് കടക്കാനുള്ള സാധ്യത ഇപ്പോള്‍ മുന്നിലുണ്ട്. ഗ്രൂപ് എയില്‍ ഏഴ് വീതം പോയന്റോടെ കര്‍ണാടകയും പഞ്ചാബുമാണ് ഇപ്പോള്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍. മഹാരാഷ്ട്ര (രണ്ട്) അഞ്ചാമതാണ്.
നിലവില്‍ പോയന്റൊന്നുമില്ലാതെ ഗോവ പുറത്തായിട്ടുണ്ട്. വെള്ളിയാഴ്ച ഒഡിഷക്കെതിരെയും ഞായറാഴ്ച പഞ്ചാബിനെതിരെയുമുള്ള മത്സരങ്ങള്‍ ജയിച്ചാല്‍ കേരളത്തിനും 10 പോയന്റാകും. ഇന്നത്തെ മഹാരാഷ്ട്ര-കര്‍ണാടക, പഞ്ചാബ്-ഗോവ മത്സരങ്ങളില്‍ കര്‍ണാടകയും പഞ്ചാബും ജയിച്ചാല്‍ ഒരു കളി ബാക്കി നില്‍ക്കെ ഇരുവര്‍ക്കും 10 പോയന്റ് വീതമാവും.ഞായറാഴ്ച പഞ്ചാബിനെ തോല്‍പിക്കുന്നതിന്റെ ആനുകൂല്യത്തില്‍ അന്നത്തെ ഒഡിഷ-കര്‍ണാടക കളിയുടെ ഫലം പരിഗണിക്കാതെ തന്നെ കേരളത്തിന് സെമിയിലെത്താം.
മൂന്ന് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഗ്രൂപ് ബിയില്‍ വമ്ബന്മാരായ ബംഗാള്‍ ഏറക്കുറെ പുറത്തായിക്കഴിഞ്ഞു. സര്‍വിസസിന് ഏഴും മണിപ്പൂരിന് ആറും മേഘാലയക്കും റെയില്‍വേസിനും നാല് വീതവും ഡല്‍ഹിക്ക് രണ്ടും ബംഗാളിന് ഒരു പോയന്റുമാണ്. സെമിയിലേക്ക് ആദ്യ നാല് ടീമുകളും പോരാട്ടം ശക്തമാക്കുന്ന സ്ഥിതിയിലാണ് ഈ ഗ്രൂപ്.