ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നതില്‍ തുറന്നടിച്ച് മുന്‍ ക്രിക്കറ്റര്‍ വീരേന്ദര്‍ സെവാഗ്. ജിമ്മില്‍ ഭാരമുയര്‍ത്തുന്നത് താരങ്ങളുടെ പരിക്കിന് കാരണമാകുന്നുണ്ടെന്നും ഓരോ കളിക്കാരുടേയും ശാരീരികാവസ്ഥ മനസിലാക്കിയുള്ള പരിശീലനമുറകളാണ് വേണ്ടത് എന്നുമാണ് വീരുവിന്‍റെ വാക്കുകള്‍. എല്ലാ താരങ്ങള്‍ക്കും ഒരേ പരിശീലന ശൈലി തയ്യാറാക്കിയ ടീം പെര്‍ഫോമന്‍സ് കോച്ച് ബാസു ശങ്കറെ വീരു വിമര്‍ശിച്ചു. എല്ലാവരും വിരാട് കോലിയല്ലെന്നും മുന്‍ താരം വ്യക്തമാക്കി. ഇന്ത്യന്‍ ടീമില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ നിരവധി താരങ്ങളാണ് പരിക്കിന്‍റെ പിടിയിലായത്.
‘ബാസു ശങ്കര്‍ ഇന്ത്യന്‍ ടീമിനൊപ്പം വര്‍ഷങ്ങളായുണ്ട്. എല്ലാ താരങ്ങള്‍ക്കും ഒരേ പരിശീലനമുറയാണ് അദേഹം തയ്യാറാക്കിയിരിക്കുന്നത്. എന്തിനാണ് വിരാട് കോലിക്കും രവിചന്ദ്രന്‍ അശ്വിനും ഒരേ പരിശീലനം. ജിമ്മില്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് പരിശീലനം നടത്താറുള്ളതായാണ് അശ്വിന്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിലുള്ളപ്പോള്‍ തന്നോട് പറഞ്ഞിട്ടുള്ളത്. അശ്വിനും അക്‌സര്‍ പട്ടേലിനും കാല്‍മുട്ടിന് പരിക്കുള്ളത് ഈ പരിശീലനം കാരണമാണ്. ഞങ്ങളുടെ സമയത്ത് ഗൗതം ഗംഭീര്‍, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്‌മണ്‍, എംഎസ് ധോണി, യുവ്‌രാജ് സിംഗ് തുടങ്ങിയ താരങ്ങളാരും ഇത്തരം പരിക്കുകള്‍ കൊണ്ട് ടീമില്‍ നിന്ന് പുറത്തായിട്ടില്ല’ എന്നും സെവാഗ് വ്യക്തമാക്കി.
കഴിഞ്ഞ ആറ് മാസക്കാലമായി നിരവധി ഇന്ത്യന്‍ താരങ്ങളാണ് പരിക്കിന്‍റെ പിടിയിലായത്. ജസ്‌പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ തുടങ്ങിയവര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ താരങ്ങളുടെ ചികില്‍സയുടെയും പരിശീലനത്തിന്‍റേയും കാര്യത്തില്‍ ദേശീയ ക്രിക്കറ്റ് അക്കാഡമിക്ക് വീഴ്ചകള്‍ സംഭവിക്കുന്നതായും താരങ്ങളെ തിടുക്കത്തില്‍ ദേശീയ ടീമിലേക്ക് തിരികെ വിളിക്കുന്നതായും ആരോപണങ്ങള്‍ ഇതിനകം ശക്തമാണ്. ശസ്ത്രക്രിയക്ക് വിധേയനായ ജസ്‌പ്രീത് ബുമ്രക്ക് ആറ് മാസമെങ്കിലും നഷ്ടമാകും എന്ന് ഉറപ്പായെങ്കിലും ശ്രേയസ് അയ്യര്‍ക്ക് എപ്പോള്‍ ടീമിലേക്ക് മടങ്ങിയെത്താനാകും എന്ന് വ്യക്തമല്ല. മറ്റൊരു പേസറായ പ്രസിദ്ധ് കൃഷ്‌ണയും ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.