കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ വന്‍ തീപിടിത്തം. കാന്‍സര്‍ വാര്‍ഡിന് പിന്നിലെ നിര്‍മ്മാണം നടന്നുകാെണ്ടിരിക്കുന്ന എട്ടുനില കെട്ടിടത്തില്‍ മദ്ധ്യഭാഗത്താണ് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തീ പിടിച്ചത്.
ആളപായമുള്ളതായോ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ റിപ്പോര്‍ട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതല്‍ ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
നാലാം വാര്‍ഡിനോട് ചേര്‍ന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീയും പുകയും ഉയര്‍ന്നതോടെ ഈ വാര്‍ഡില്‍ നിന്ന് രോഗികളെ പൂര്‍ണമായി ഒഴിപ്പിച്ചു. നൂറിലധികം രോഗികളും കൂട്ടിരിപ്പുകാരുമാണ് ഉണ്ടായിരുന്നത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി ഇവിടെ ചില വൈദ്യുത ക്രമീകരണങ്ങള്‍ നടന്നിരുന്നു. ഇതില്‍ നിന്നുളള ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇക്കഴിഞ്ഞ ജനുവരിയിലും കോട്ടയം മെഡിക്കല്‍കോളേജില്‍ തീപിടിത്തമുണ്ടായി.ഗൈനക്കോളജി വിഭാഗത്തിലെ ലെക്ചര്‍ ഹാളില്‍ ഉച്ചക്ക് ഒന്നരയോടു കൂടിയായിരുന്നു തീപിടിത്തമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരുടേയും ലിഫ്റ്റ് ഓപ്പറേറ്ററുടേയും അവസരോചിതമായ ഇടപെടല്‍ മൂലം വന്‍ നാശനഷ്ടങ്ങള്‍ ഒഴിവാകുകയായിരുന്നു.