തിരുവനന്തപുരം: കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ ഇടറോഡുകളിൽ മിനി ബസുകളിറക്കി കെഎസ്ആർടിസി. കുറഞ്ഞ ചെലവിൽ ഫസ്റ്റ് മൈൽ – ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കിയാണ് ഫീഡർ സർവീസുകൾ തുടങ്ങിയത്. ആദ്യഘട്ടമായി തിരുവനന്തപുരത്ത് മണികണ്ഠേശ്വരത്ത് ഫീഡർ സർവീസ് ആരംഭിച്ചു.പുതിയ തലമുറയെ ആകർഷിക്കാൻ ട്രാവൽ കാർഡും ഈ ബസുകളിൽ ഏർപ്പെടുത്തി.
നഗരത്തിലെ റസിഡൻഷ്യൽ മേഖലകളിലുള്ളവരെ പ്രധാനറോഡിൽ എത്തിക്കുന്നതിനും നഗരത്തിലെ വാഹനപ്പെരുപ്പം കാരണമുള്ള ഗതാഗതക്കുരുക്കുകൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രധാന റോഡുകളിലേക്കും ബസ് സ്റ്റോപ്പുകളിലേക്കും എത്തുന്നതിന് യാത്രാസൗകര്യം ഏർപ്പെടുത്തുന്നതിനാണ് ക്രമീകരണം. മണ്ണന്തല-കുടപ്പനക്കുന്ന്-എകെജി നഗർ-പേരൂർക്കട-ഇന്ദിരാ നഗർ-മണികണ്ഠേശ്വരം-നെട്ടയം-വട്ടിയൂർക്കാവ്-തിട്ടമംഗലം-കുണ്ടമൺകടവ്- വലിയവിള-തിരുമല റൂട്ടിലാണ് ആദ്യ ഫീഡർ സർവിസ്. രാവിലെയും വൈകുന്നേരവുമാണ് പ്രധാനമായും ട്രിപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്.
എം.സി റോഡ്, തിരുവനന്തപുരം-നെടുമങ്ങാട് റോഡ്, കിഴക്കേകോട്ട-വട്ടിയൂർക്കാവ് റോഡ്, തിരുവനന്തപുരം-കാട്ടാക്കട റോഡ് എന്നിങ്ങനെ നാല് പ്രധാന റോഡുകളെ റസിഡൻഷ്യൽ ഏരിയകളുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് ഫീഡർ സർവിസുകൾ ക്രമീകരിച്ചിരിക്കുന്നത്.
ഒരു ഡ്രൈവർ കം കണ്ടക്ടറാണ് ബസിലുണ്ടാകുക, ടിക്കറ്റ് നൽകുന്നതിന് പ്രത്യേകം കണ്ടക്ടറെ നിയോഗിക്കില്ല. ഫീഡർ ബസുകളിലെ യാത്ര പൂർണമായും ട്രാവൽ കാർഡ് ഉപയോഗിച്ച് മാത്രമായിരിക്കും. ഉടൻ തന്നെ ഫോൺ പേ വഴിയുള്ള ക്യു ആർ കോഡ് ടിക്കറ്റിംഗും നടപ്പാക്കും.
ഏകദേശം 7.5 കി.മി ദൂരം വരുന്ന 3 ഫെയർ സ്റ്റേജുകൾക്ക് 10 രൂപ മിനിമം ടിക്കറ്റ് നിരക്ക് വരുന്ന തരത്തിലാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ പരിഷ്ക്കരിച്ച ഒരു മിനി ബസ് ഉപയോഗിച്ചാണ് പരീക്ഷണാടിസ്ഥാനത്തിൽ സർവിസ് നടത്തുന്നത്.