ഇറ്റാനഗർ: അരുണാചലില്‍ സൈനികവാഹനം തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർ കൊല്ലപ്പെട്ടു അപ്പർ സുബൻസിരി ജില്ലയിലാണ് ട്രക്ക് റോഡില്‍ നിന്ന് തെന്നി ആഴത്തിലുള്ള തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർ മരിക്കുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.
ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ ടാപി ഗ്രാമത്തിന് സമീപം ട്രാൻസ് അരുണാചല്‍ ഹൈവേയിലാണ് അപകടമുണ്ടായത്. ഹവില്‍ദാർ നഖത് സിംഗ്, നായിക് മുകേഷ് കുമാർ, ഗ്രനേഡിയർ ആശിഷ് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. സൈനികരെ കൊണ്ടുപോകുന്ന വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്ന സൈനിക ട്രക്കാണ് അപകടത്തില്‍പ്പെട്ടത്.
ജില്ലാ ആസ്ഥാനമായ അപ്പർ സുബൻസിരി പട്ടണമായ ഡാപോരിജോയില്‍ നിന്ന് ലെപാരഡ ജില്ലയിലെ ബസാറിലേക്ക് പോകുകയായിരുന്നു വാഹനവ്യൂഹം. ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാനും മരിച്ചവരുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കാനും സഹായിച്ചു.
മൂന്ന് സൈനികരുടെ മരണത്തില്‍ മുഖ്യമന്ത്രി പേമ ഖണ്ഡു അനുശോചനം രേഖപ്പെടുത്തി.