ലോകം മുഴുവന്‍ അംഗീകരിക്കുന്ന സാമൂഹിക പരിഷ്‌കര്‍ത്താവാണ് സ്വാമി വിവേകാനന്ദന്‍. അദ്ദേഹത്തിന്റെ ജന്മദിനമാണിന്ന് (ജനുവരി 12). ദേശീയ യുവജന ദിനമായാണ് ഈ ദിവസം ആഘോഷിക്കുന്നത്. സ്വാമി വിവേകാനന്ദന്‍ എന്ന വ്യക്തി ലോകത്തിന് നല്‍കിയ നാല് പ്രധാന തത്വങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്. ആ നാല് തത്വങ്ങളുടെ പേരിലാണ് അദ്ദേഹം ഇപ്പോഴും സ്വീകാര്യനാകുന്നത്.
1. ഹിന്ദു ധര്‍മ്മത്തിന് പുതിയ വ്യാഖ്യാനം
ഹിന്ദുത്വത്തിന് പുതിയ വ്യഖ്യാനം നല്‍കിയ വ്യക്തിയാണ് സ്വാമി വിവേകാനന്ദന്‍. അദ്ദേഹത്തിന്റെ വരവിന് മുമ്പ് ഹിന്ദു മതം എന്നത് വിവിധ വിഭാഗങ്ങളുടെ ഒരു കൂട്ടമായിരുന്നു. അവയെ ഏകോപിപ്പിച്ചത് സ്വാമി വിവേകാനന്ദനാണ്.
ഒരുകാലത്ത് ഇന്ത്യയിലെത്തിയ ക്രിസ്റ്റ്യന്‍ മിഷണറി സംഘം ഹിന്ദുമതത്തെപ്പറ്റി അപവാദപ്രചരണം നടത്തിയിരുന്നു. അതില്‍ നിന്നും ഹിന്ദു സംസ്‌കാരത്തെ രക്ഷിച്ചത് സ്വാമി വിവേകാനന്ദന്റെ ഇടപെടലാണ്. മനുഷ്യനെ സൃഷ്ടിച്ച സംസ്‌കാരമാണ് ഹിന്ദു ധര്‍മ്മം എന്ന നിലയിലാണ് അദ്ദേഹം അന്താരാഷ്ട്ര വേദികളില്‍ ഹിന്ദു മതത്തെ അവതരിപ്പിച്ചത്. അതോടെ ഹിന്ദുമതത്തിന്റെ സ്വീകാര്യത വര്‍ധിക്കുകയായിരുന്നു.
1893ല്‍ ചിക്കോഗോയില്‍ വെച്ച് നടന്ന ലോകമത സമ്മേളനത്തിലും അദ്ദേഹം തന്റെ ഈ കാഴ്ചപ്പാട് അവതരിപ്പിച്ചു. ‘സഹിഷ്ണുതയും സാര്‍വത്രിക സ്വീകാര്യതയും പഠിപ്പിക്കുന്ന ഒരു മതത്തിലാണ് ഞാന്‍ ജനിച്ചത്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. സഹിഷ്ണുത മാത്രമല്ല, എല്ലാ മതങ്ങളെയും ഞങ്ങള്‍ അംഗീകരിക്കുന്നു. എല്ലാ മതങ്ങള്‍ക്കും എല്ലാ അഭയാര്‍ത്ഥികള്‍ക്കും അഭയം നല്‍കിയ രാജ്യത്താണ് ഞാന്‍ ജനിച്ചത്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു,’ എന്നാണ് അദ്ദേഹം പറഞ്ഞത്.
വിവേകാനന്ദന്റെ ചിക്കാഗോ മതസമ്മേളനത്തിലെ പ്രസംഗമാണ് ഹിന്ദു ധര്‍മ്മത്തിന് ആഗോള ശ്രദ്ധ ലഭിക്കാന്‍ കാരണമായത്.
2. മതപരിവര്‍ത്തനം ചെയ്യാത്ത മിഷണറി
ഒരു മിഷണറി പ്രവര്‍ത്തകന്‍ ആയിരുന്നു സ്വാമി വിവേകാനന്ദന്‍. എന്നാല്‍ ഒരു മതത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മനുഷ്യനെ മാറ്റുന്നതില്‍ അദ്ദേഹത്തിന് താല്‍പ്പര്യമില്ലായിരുന്നു.
‘നിങ്ങളെ പുതിയൊരു മതവിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ എനിക്ക് താല്‍പ്പര്യമില്ല. നിങ്ങളുടെ വിശ്വാസം അതേപടി സംരക്ഷിക്കണം. സത്യത്തോടൊപ്പം ജീവിക്കാനും, ആത്മാവിലെ വെളിച്ചം വെളിപ്പെടുത്താനും നിങ്ങളെ പ്രാപ്തരാക്കുകയാണ് എന്റെ ലക്ഷ്യം,’ എന്നാണ് അദ്ദേഹം അമേരിക്കയില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ പറഞ്ഞത്.’വിശുദ്ധിയും ധര്‍മ്മവും ദയയും ഒരു സഭയുടെയും സ്വത്തല്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.
3. മതം ഒരു സാര്‍വത്രിക അനുഭവം
വിവേകാനന്ദന്റെ മറ്റൊരു പ്രധാനപ്പെട്ട തത്വം മതത്തെപ്പറ്റിയുള്ള വ്യാഖ്യാനമാണ്. മതം എന്നത് ഒരു സാര്‍വത്രിക അനുഭവമാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. എല്ലാ മതങ്ങളുടെയും അടിസ്ഥാനം സത്യസന്ധതയാണെന്നും മനുഷ്യസേവനമാണ് ദൈവാരാധനയ്ക്കും മുകളിലെന്നും അദ്ദേഹം വിശ്വസിച്ചു.
4. മതം- ഒരു ശാസ്ത്രീയ അനുഭവം
മതത്തെ ഒരു ശാസ്ത്രീയ അടിത്തറയുള്ള അനുഭവമാക്കി മാറ്റിയയാളാണ് സ്വാമി വിവേകാനന്ദന്‍.
”എല്ലാ ശാസ്ത്രത്തിനും അതിന്റേതായ രീതികളുണ്ട്. മതത്തിനും അതിന്റേതായ രീതികളുണ്ട്. എന്നാല്‍ മതത്തിന് പ്രവര്‍ത്തിക്കാന്‍ ഒരുപാട് രീതികള്‍ നിലവിലുണ്ട്. കാരണം മനുഷ്യ മനസ്സ് ഒരിടത്ത് മാത്രം നില്‍ക്കുന്നില്ല. വ്യത്യസ്ത സ്വഭാവത്തിനനുസരിച്ചാണ് ഓരോ രീതിയും രൂപപ്പെടുന്നത്. മതത്തിന്റെ ശാസ്ത്രം മനുഷ്യ മനസ്സിനെ അടിസ്ഥാനമാക്കിയുള്ളതാണ്,’ എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അദ്ദേഹത്തിന്റെ ഈ വ്യാഖ്യാനത്തെ ഇരുകൈയ്യും നീട്ടിയാണ് ലോകം സ്വീകരിച്ചത്. കിഴക്കും പടിഞ്ഞാറുമുള്ള മതത്തെയും ശാസ്ത്രത്തെയും സ്വാമി വിവേകാനന്ദന്‍ ഏകോപിപ്പിച്ചുവെന്നാണ് നേതാജി സുഭാഷ് ചന്ദ്രബോസ് പറഞ്ഞത്. അതുകൊണ്ടാണ് അദ്ദേഹം മഹാനായ വ്യക്തിയായി അംഗീകരിക്കപ്പെടുന്നതെന്നും നേതാജി പറഞ്ഞു.