കുഴല്‍മന്ദം അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പിരിച്ചുവിട്ടു

0
62

പാലക്കാട് കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ നടപടി. പീച്ചി സ്വദേശി സി എല്‍ ഔസേപ്പിനെ പിരിച്ചുവിട്ടു. സംഭവത്തില്‍ ഡ്രൈവറുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഔസേപ്പ് ഡ്രൈവറായി തുടര്‍ന്നാല്‍ കൂടുതല്‍ ജീവനുകള്‍ നഷ്ടമാകുമെന്നാണ് പിരിച്ചുവിടല്‍ ഉത്തരവിലുള്ളത്. കൃത്യവിലോപം കെഎസ്ആര്‍ടിസിക്ക് അവമതിപ്പുണ്ടായെന്നും വിലയിരുത്തലുണ്ടായി. വടക്കാഞ്ചേരി ഡിപ്പോയിലെ ഡ്രൈവറായിരുന്നു ഔസേപ്പ്.

2022 ഫെബ്രുവരെ 17ന് ആണ് സംസ്ഥാനത്തെ നടുക്കിയ സംഭവമുണ്ടായത്. ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ ബസ് വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ലോറിയ്ക്ക് സമീപത്ത് കൂടെ സഞ്ചരിക്കുകയായിരുന്ന ബൈക്കിന്റെ ഇടത് ഭാഗത്തുകൂടെയെത്തിയ ബസ് പെട്ടെന്ന് വെട്ടിച്ചു. ബസില്‍ തട്ടാതിരിക്കാനായി യുവാക്കള്‍ ബൈക്ക് വെട്ടിച്ചപ്പോള്‍ ലോറിയില്‍ തട്ടിയ ശേഷം തിരികെ ബസിനടിയില്‍ വീഴുകയായിരുന്നു.

ആദര്‍ശ്, സബിത്ത് എന്നീ യുവാക്കളാണ് മരിച്ചത്. ഔസേപ്പും ഇവരും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായതായി ബസിലുള്ളവര്‍ പറഞ്ഞതായി സബിത്തിന്റെ സഹോദരന്‍ ശരത് പറഞ്ഞിരുന്നു. സംഭവത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതോടെ ഔസേപ്പിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ദുര്‍ബല വകുപ്പുകളാണ് ചുമത്തിയതെന്ന ആരോപണം ഉയര്‍ന്നു. ഇതോടെ കുഴല്‍മന്ദം സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷഷണ സംഘത്തെ പാലക്കാട് എസ്പി നിയോഗിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here