കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ, ന്യൂഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ നടന്ന കൂടിക്കാഴ്ച്ചയിൽ ജൂൺ 30-നകം റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങൾക്ക് ഉറപ്പ് നൽകി. മുൻ ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ ലൈംഗികാരോപണത്തിൽ പോലീസ് അന്വേഷണം ജൂൺ 15-നകം പൂർത്തിയാകുമെന്നും അന്വേഷണത്തിന്റെ നിജസ്ഥിതി താരങ്ങളെ അറിയിക്കുമെന്നും അനുരാഗ് താക്കൂർ പ്രതിഷേധക്കാരോട് അറിയിച്ചിട്ടുണ്ട്.
ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ഗുസ്‌തി താരങ്ങളുമായി മണിക്കൂറുകൾ നീണ്ട കൂടിക്കാഴ്‌ചയ്ക്ക് ശേഷം ബുധനാഴ്‌ച വൈകുന്നേരം കേന്ദ്ര കായിക മന്ത്രി മാധ്യമങ്ങളോട് സംസാരിച്ചു. ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ സാക്ഷി മാലിക്കും ബജ്‌റംഗ് പുനിയയും അനുരാഗ് താക്കൂറിനെ കണ്ട ഗുസ്‌തി താരങ്ങളിൽ ഉൾപ്പെടുന്നു.
“ഗുസ്‌തി താരങ്ങളുമായി ഞാൻ 6 മണിക്കൂർ നീണ്ട ചർച്ച നടത്തി. ജൂൺ 15നകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുമെന്ന് ഞങ്ങൾ ഉറപ്പുനൽകിയിട്ടുണ്ട്. ഡബ്ല്യുഎഫ്‌ഐയുടെ തിരഞ്ഞെടുപ്പ് ജൂൺ 30നകം നടക്കും,” അനുരാഗ് താക്കൂർ പറഞ്ഞു. 3 തവണ കാലാവധി പൂർത്തിയാക്കിയ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഗുസ്‌തി താരങ്ങൾ ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ 15 വരെ ഗുസ്‌തി താരങ്ങൾ പ്രതിഷേധിക്കില്ലെന്ന് അനുരാഗ് താക്കൂർ മാധ്യമങ്ങളോട് പറഞ്ഞു.റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്കായി ഒരു വനിതയുടെ നേതൃത്വത്തിൽ ആഭ്യന്തര പരാതി കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.