ആലപ്പുഴ നഗരസഭയിലെ സിപിഎം കൗണ്‍സിലർ ഷാനവാസിന് സസ്പെൻഷൻ;

0
79

ആലപ്പുഴ: കഞ്ചാവ് കടത്തിയ കേസുമായി ബന്ധപ്പെട്ട് ലോറി വാടകയ്ക്ക് നൽകിയ നഗരസഭാ കൗണ്‍സിലറെ സിപിഎം സസ്പെൻഡ് ചെയ്തു. ആലപ്പുഴ നഗരസഭയിലെ കൗണ്‍സിലറും നോർത്ത് ഏരിയാ കമ്മിറ്റി അംഗവുമായ ഷാനവാസിനെയാണ് പാർട്ടി സസ്പെൻഡ് ചെയ്തത്. കേസിലെ മുഖ്യപ്രതി ഇജാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ആലപ്പുഴ സി വ്യൂ ബ്രാഞ്ച് അംഗമാണ് ഇജാസ്. ആലപ്പുഴ ജില്ലാ സെക്രട്ടറി എ നാസർ അറിയിച്ചതാണ് ഇക്കാര്യം. മന്ത്രിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സജി ചെറിയാന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വച്ചാണ് ഇരുവർക്കുമെതിരെ അച്ചടക്കനടപടി സ്വീകരിച്ചത്.

എ ഷാനവാസിനെ അന്വേഷണ വിധേയമായാണ് സസ്‌പെൻഡ് ചെയ്‌തെന്ന് നാസർ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചു. ഹരിശങ്കർ, ബാബുജൻ, ജി. വേണുഗോപാൽ എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ.

വാഹനം വാങ്ങിയപ്പോഴും വാടകക്ക് കൊടുത്തപ്പോഴും പാർട്ടിയെ അറിയിച്ചില്ലെന്നും ഇക്കാര്യത്തിൽ ഷാനവാസിന് വീഴ്ചയും ജാഗ്രത കുറവും ഉണ്ടായതായി പാർട്ടി വിലയിരുത്തി. അന്വേഷണ കമ്മീഷന്‍റെ റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടി സ്വീകരിക്കുമെന്നും ആലപ്പുഴ ജില്ലാ നേതൃയോഗത്തിൽ ധാരണയായി. അതേസമയം കേസിൽ ഉൾപ്പെട്ട സജാദ് സിപിഎം പ്രവർത്തകനല്ലെന്ന് നാസർ വ്യക്തമാക്കി. DYFl അംഗമാണോ എന്ന് വ്യക്തമാക്കേണ്ടത് ആ സംഘടനയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഷാനവാസിന്‍റെ ഉടമസ്ഥതയിലുള്ള ലോറിയിൽ ഒന്നരക്കോടി രൂപയുടെ ലഹരി വസ്തുക്കള്‍ കടത്തിയ കേസാണ് ആലപ്പുഴയിലെ സിപിഎമ്മിനെ പിടിച്ചുകുലുക്കിയത്.

പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയ സാഹചര്യം ഗൗരവമായി ചര്‍ച്ചചെയ്തെന്നും ഇത്തരം വിഷയങ്ങള്‍ വച്ച് പൊറുപ്പിക്കില്ലെന്നും യോഗത്തിന് ശേഷം സജി ചെറിയാന്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുമെന്ന് ഷാനവാസും പ്രതികരിച്ചു. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here