2022 ഏപ്രിൽ 2-ന് ഒപ്പുവച്ച ഇന്ത്യ–ഓസ്ട്രേലിയ സാമ്പത്തിക സഹകരണ–വ്യാപാര കരാർ പ്രാബല്യത്തിൽ വന്നു.

0
107

2022 ഏപ്രിൽ 2-ന് ഒപ്പുവച്ച ഇന്ത്യ–ഓസ്ട്രേലിയ സാമ്പത്തിക സഹകരണ–വ്യാപാര കരാർ പ്രാബല്യത്തിൽ വന്നു. ഇത് പുതിയ തുടക്കമാണെന്നും ഉഭയകക്ഷി ബന്ധത്തിലെ നാഴികക്കല്ലാണെന്നും വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.

“ഒരു പുതിയ തുടക്കം. ഇന്ത്യ-ഓസ്‌ട്രേലിയ വ്യാപാര കരാർ നിലവിൽ വന്നത് നമ്മുടെ ഉഭയകക്ഷി ബന്ധത്തിലെ വലിയൊരു നാഴികക്കല്ലാണ്. ഇത് നമ്മുടെ പരസ്പര വിശ്വാസത്തിന്റെ മുദ്രയാണ്. നമ്മുടെ കയറ്റുമതി, തൊഴിലവസരങ്ങൾ, നിക്ഷേപ അവസരങ്ങൾ എന്നിവ വർദ്ധിപ്പിക്കാനുള്ള വലിയ സാധ്യതയിലേക്കാണ് ഈ ഉടമ്പടി വാതിൽ തുറക്കുന്നത്”, പിയൂഷ് ഗോയൽ ട്വീറ്റ് ചെയ്തു.

ഇന്ത്യ-ഓസ്‌ട്രേലിയ വ്യാപാര കരാറിനെക്കുറിച്ച് പത്ത് കാര്യങ്ങൾ

  1. 100 ശതമാനം താരിഫ് പരിധിയിൽ വരുന്ന ഉത്പന്നങ്ങൾക്ക് ഓസ്ട്രേലിയയിൽ തീരുവ ഉണ്ടായിരിക്കില്ല.
  2. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയിൽ പത്തു ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
  3. ഓസ്‌ട്രേലിയയിൽ നിന്നുള്ള നിക്ഷേപത്തിൽ വർദ്ധനവുണ്ടാകും.
  4. ഒരു ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പോസ്റ്റ് സ്റ്റഡി വർക്ക് വിസയുടെ പ്രയോജനം ലഭിക്കും.
  5. ഇന്ത്യൻ യോഗ അദ്ധ്യാപകർക്കും ഷെഫുമാർക്കും വാർഷികാടിസ്ഥാനത്തിൽ വിസ ലഭിക്കും.
  6. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 27 ബില്യൺ ഡോളറിൽ നിന്ന് 45-50 ബില്യൺ ഡോളറായി ഉയരും.
  7. ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന 96.4 ശതമാനം ഉത്പന്നങ്ങൾക്കും ഓസ്ട്രേലിയയിൽ ഇറക്കുമതി തീരുവ ഉണ്ടാകില്ല.
  8. ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതിയിൽ പെട്രോളിയം ഉത്പന്നങ്ങൾ, തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, എഞ്ചിനീയറിംഗ് ഉത്പന്നങ്ങൾ, തുകൽ ഉത്പന്നങ്ങൾ, രാസവസ്തുക്കൾ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. ഓസ്‌ട്രേലിയയിൽ നിന്നുള്ള ഇറക്കുമതിയിൽ പ്രധാനമായും അസംസ്കൃത വസ്തുക്കൾ, കൽക്കരി, ധാതുക്കൾ, ഇന്റർമീഡിയറ്റ് ചരക്കുകൾ എന്നിവയെല്ലാം ആണ് ഉൾപ്പെടുന്നത്.
  9. ഓസ്‌ട്രേലിയ ഇന്ത്യയുടെ 17-ാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. ഇന്ത്യ ഓസ്ട്രേലിയയുടെ ഒൻപതാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. 2021 ൽ 27.5 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇരു രാജ്യങ്ങളും തമ്മിൽ നടന്നത്.
  10. രത്നങ്ങൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ, തുകൽ ഉത്പന്നങ്ങൾ, ചെരിപ്പുകൾ, ഫർണിച്ചറുകൾ, ഭക്ഷണം, കാർഷിക ഉത്പന്നങ്ങൾ, എഞ്ചിനീയറിംഗ് ഉത്പന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, ഓട്ടോമൊബൈൽസ് തുടങ്ങിയ ഇന്ത്യയുടെ തൊഴിൽ പ്രാധാന്യമുള്ള മേഖലകൾക്ക് കരാറിലൂടെ കൂടുതൽ പ്രയോജനം ലഭിക്കും.

ഇക്കഴിഞ്ഞ ഏപ്രിൽ മാസമാണ് ഓസ്‌ട്രേലിയയുമായി ചരിത്രപരമായ വ്യാപാര കരാറിൽ ഇന്ത്യ ഒപ്പു വെച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഓസ്ട്രേലിയൻ മുൻ പ്രധാനമന്ത്രി സ്കോട് മോറിസൺ എന്നിവരുടെ സാന്നിധ്യത്തിൽ വാണിജ്യമന്ത്രി പീയുഷ് ഗോയലും ഓസ്ട്രേലിയൻ വാണിജ്യ മന്ത്രി ഡാൻ ടെഹാനുമാണ് കരാറിൽ ഒപ്പിട്ടത്. മാറ്റത്തിലേക്കുള്ള ചരിത്ര നിമിഷമാണ് ഈ കരാർ എന്നാണ് മോദി അന്നു പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here