മനുഷ്യ ജന്മത്തിന് ലഭിച്ച പല സൗഭാഗ്യങ്ങളിൽ ശ്രേഷ്ഠമായതും, ഒരു വ്യക്തിത്വത്തിന്റെ തന്നെ കാതലുമാണ് “ഓർമ്മ ” എന്നു പറയാം. നമ്മുടെ ആരോഗ്യത്തെയും, അവയവങ്ങളെയും പോലെ തന്നെ പരിപാലിക്കേണ്ട ഒന്നാണ് ഓർമ്മയും. വിദ്യാർത്ഥികളും, മത്സരാർത്ഥികളും, ഓഫീസ് ഉദ്യോഗസ്ഥരും, സാധാരണക്കാരുമുൾപ്പടെ, എല്ലാവരും ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് ഓർമ്മക്കുറവ്.
നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവരെ തിരിച്ചറിയാതിരിക്കുക, നമ്മുടെ വീടും, നാടും മറന്നു പോവുക, നമ്മൾ ആരെന്നും, എന്തെന്നും ഓർക്കാൻ കഴിയാതെ വരിക – ഈ അവസ്ഥയെക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കുക. എത്ര ഭയാനകമായിരിക്കും ?
എന്നാൽ ഇന്ന് ശാസ്ത്രം വളരെയധികം വളർന്ന്, ഓർമ്മ ശക്തി വർധിപ്പിക്കാനുള്ള പല മാർഗ്ഗങ്ങൾ കാണിച്ചു തരുന്നു.
ഓർമ്മ ശക്തി വർധിപ്പിക്കാനും, കാര്യങ്ങൾ ഓർമ്മയിൽ നില നിർത്താനും ചില പൊടിക്കൈകൾ :
നമ്മൾ ജീവിതത്തിൽ പല ഓർമ്മകൾ കൊണ്ടു നടക്കുന്നു. അത് എന്താണെന്നും, ഏതാണെന്നും, അതിന്റെ പ്രാധാന്യം നമ്മെ എത്ര മാത്രം സ്വാധീനിക്കുന്നു എന്നും നമ്മൾ തിരിച്ചറിയണം.
ഓരോ വിവരവും നമ്മുടെ ദീർഘകാല ഓർമ്മയിലേക്ക് കടത്തിവിടാൻ, താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ, പ്രത്യേകിച്ച് വിദ്യാർത്ഥികൾ ശ്രദ്ധിക്കുക.
1 .താല്പര്യമുണ്ടായിരിക്കുക
നിങ്ങൾ പഠിക്കുന്ന വിഷയത്തിൽ താല്പര്യം കാണിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഒരാൾക്ക് ഒരു കാര്യം ഓർമ്മിച്ചെടുക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണം, അയാൾക്ക് ആ കാര്യത്തിലുള്ള താല്പര്യക്കുറവാണ്. ഒരു വിഷയത്തെ കുറിച്ച് കൂടുതൽ അറിയാനും, അതിൽ ഗവേഷണം നടത്തി കൂടുതൽ പഠിക്കാനും താല്പര്യമുള്ളവരുമായിരിക്കണം.
2. ശ്രദ്ധയോടെയിരിക്കുക
ഓർമ്മയുമായി ബന്ധപ്പെട്ട് ഒരു വ്യക്തി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഇതാണ്. ശ്രദ്ധയോടെ ഇരിക്കുന്നതിലുള്ള പരാജയം. ഏകാഗ്രത നഷ്ട്ടപെട്ടാൽ ഓർമ്മ നില നിർത്താൻ അസാധ്യമാണ്.
ഒരേസമയം നിരവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചാൽ ഏകാഗ്രത നഷ്ടപ്പെടും. ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് ശ്രദ്ധ തിരിക്കുന്നത് ധാരാളം ഊർജ്ജവും, സമയവും പാഴാക്കും. കുറുക്കു വഴികൾ .തേടാതിരിക്കുക.
3. ഒരു ലക്ഷ്യം ഉണ്ടായിരിക്കുക
ഒരു സംഗതി ഓർത്തിരിക്കണമെങ്കിൽ അതുകൊണ്ടുള്ള പ്രയോജനം എന്താണെന്ന് മനസ്സിലാക്കുക. എങ്കിൽ അതിൽ ഏകാഗ്രത ചെലുത്തി അത് നിങ്ങൾ മനസ്സിലാക്കും. ശക്തമായ ഒരു ലക്ഷ്യം നിങ്ങൾക്കുണ്ടെങ്കിൽ, പടിക്കുന്നതൊക്കെ ഓർമ്മിക്കാൻ എളുപ്പമാണ്.
4. ഇന്ദ്രിയങ്ങളെ പരമാവധി ഉണർത്തുക
പഞ്ചേന്ദ്രിയങ്ങളിൽ കൂടിയാണ് നമുക്ക് പ്രധാനമായും അറിവ് ലഭിക്കുന്നത് . (നേത്രങ്ങൾ, ചെവികൾ, മൂക്ക്, നാക്ക്, സ്പർശം ). അതിനാൽ പഠിക്കുന്ന സമയത്ത് ഇന്ദ്രിയങ്ങളെ ഉൾക്കൊള്ളിക്കുക. ഏത് ഇന്ദ്രിയമാണ് നിങ്ങൾക്ക് കാര്യങ്ങൾ ഗ്രഹിക്കാൻ എളുപ്പത്തിൽ സഹായിക്കുന്നതെന്ന് തിരിച്ചറിയുക. ചിലർക്ക് കേഴ്വിയായിരിക്കും, മറ്റു ചിലർക്ക് കാഴ്ച്ചയിൽ കൂടി കൂടുതൽ കാര്യങ്ങൾ ഓർമ്മിക്കാൻ സാധിക്കും.
5. എഴുതിയെടുക്കുക
എന്തെങ്കിലും പുതിയ അറിവുകൾ ലഭിക്കുമ്പോൾ അത് എവിടെയെങ്കിലും എഴുതി വയ്ക്കുക. പലതും കേൾക്കുമ്പോൾ നാം വിചാരിക്കും നമുക്ക് അത് ഓർമ്മയിൽ വരുമെന്ന്. പക്ഷെ എപ്പോഴും സാധിക്കണമെന്നില്ല. കുറിച്ച് വെച്ചത് ഒരിക്കലെങ്കിലും പിന്തിരിഞ്ഞു നോക്കാനും, ഓർമ്മിക്കാനും സഹായിക്കും.
6. പെരുപ്പിക്കലും, ഹാസ്യവും.
ഓർമ്മ ശക്തി വർധിപ്പിക്കുന്നതിന്, സങ്കൽപം, ഭാവന എന്നിവ പ്രയോജനപ്പെടുത്താവുന്നതാണ്. ചില അറിയുന്ന കാര്യങ്ങൾ പെരുപ്പിച്ചു കാണുകയും, അതിലെ ഹാസ്യ വശങ്ങളെ കുറിച്ച് ചിന്തിക്കുക. ചിലപ്പോൾ ഇതൊക്കെ ഓർമ്മ ശക്തി വർധിപ്പിക്കും.
7. നല്ല ആത്മവിശ്വാസം വളർത്തിയെടുക്കുക
ഏതൊരു വിജയത്തിന്റെയും അടിസ്ഥാനം ആത്മവിശ്വാസമാണ് . നിങ്ങളുടെ ഓർമ്മ ശക്തിയെ വിശ്വാസത്തിലെടുത്ത്, നിങ്ങൾ പഠിക്കുന്നതൊക്കെ ഓർമ്മിക്കാൻ നിങ്ങൾക്ക് കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുക.
8. മനസ്സിൽ ഒരു ചിത്രത്തിന് രൂപം നൽകുക
എന്തെങ്കിലുമൊരു കാര്യം നിങ്ങൾക്ക് ഓർമ്മിക്കണമെങ്കിൽ, അതിനെക്കുറിച്ച് ഒരു ചിത്രം മനസ്സിൽ ഉണ്ടാക്കുക. ശേഷം അതിലേക്ക് നോക്കുക. തീർച്ചയായും വളരെക്കാലം അത് ഓർമ്മയിൽ നിൽക്കും. വാക്കുകളേക്കാൾ വേഗത്തിൽ ഒരു ചിത്രമോ, മാനസികമായ ദര്ശനമോ വേഗത്തിൽ ഓർമ്മ വരും.
9. ആവർത്തിക്കുക, ആവർത്തിക്കുക, ആവർത്തിക്കുക ….
ഒരുപക്ഷെ പഠിക്കാൻ നിങ്ങൾക്ക് വേഗത്തിൽ കഴിഞ്ഞേക്കാം. എന്നാൽ അത് മനസ്സിൽ തുറക്കണമെങ്കിൽ വീണ്ടും വീണ്ടും ആവർത്തിക്കണം. നിങ്ങളുടെ സ്വന്തം വാക്കുകളിൽ ആവർത്തിക്കുക. ഓർമ്മയെന്ന പ്രക്രിയയ്ക്ക് ആവർത്തനം വളരെ പ്രധാനമാണ്. കൊച്ചു കുട്ടികൾ, അർഥം മനസിലാകാതെ കാണാതെ പഠിക്കുന്നു. എന്നാൽ വളരുമ്പോൾ മനസ്സിലാക്കി പഠിക്കുക.
12. വസ്തുതകൾ ചെറുതായി വിഭജിക്കുക
ഒരു ദീർഘമായ ആശയത്തെ, അർത്ഥവത്തായ ഖണ്ഡികകളാക്കി വിഭജിക്കുക. ഇങ്ങനെ ചെയ്താൽ പഠിക്കാനും, ഓർത്തിരിക്കാനും എളുപ്പമായിരിക്കും.
13. ദീർഘ സമയ പഠനം ഒഴിവാക്കുക
ഹ്രസ്വ സമയങ്ങളിലെ പഠനം, ദീർഘ സമയ പഠനത്തേക്കാൾ ഫലപ്രദമാണ്. കാരണം നിങ്ങളുടെ മനസ്സിന് ഊർജം നൽകാനും, ഉണർവേകാനുമുള്ള ഇടവേള നൽകുന്നു.
14. ചുറ്റുപാടുകൾ കണക്കിലെടുക്കുക
പഠിക്കാൻ തിരഞ്ഞെടുക്കുന്ന സാഹചര്യങ്ങൾ, ചുറ്റുപാട് വളരെ പ്രധാനമാണ്. ശാന്തമായതും, ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റിയതുമായ സ്ഥലം തിരഞ്ഞെടുക്കുക.
15 മസ്തിഷ്ക്കത്തിന് ശരിയായ ഉണർവ് നൽകുക
ശരീരം കരുത്തുറ്റതാക്കാൻ, വ്യായാമങ്ങൾ എത്രത്തോളം ഗുണകരമാണോ, അതെപ്പോലെ തന്നെ മനുഷ്യന്റെ മനസ്സിനും, മസ്തിഷ്കത്തിനും വ്യായാമം ആവശ്യമാണ്. നല്ല രീതിയിലുള്ള പ്രാണായാമങ്ങൾ, യോഗ, തുടങ്ങിയവ മനസ്സിന് ഉന്മേഷവും, ഉണർവും നൽകുന്നു. മസ്തിഷ്കത്തിനും , മനസ്സിനും ഊർജം നൽകുന്ന ഭക്ഷണങ്ങൾ കഴിക്കുക. അലസത വരുത്തുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക .
16 . മനസ്സിനെ ഉല്കണ്ഠകളിൽ നിന്നും അകറ്റി നിർത്തുക
മനോനിലയും, ചിന്തകളും, ഓർമ്മയെ ബാധിക്കും. ഒരാൾക്കും എല്ലാ പ്രശ്നങ്ങളിൽ നിന്നും മനസ്സിനെ പൂർണമായി മാറ്റി നിർത്താൻ കഴിയില്ല . എന്നാൽ അവയെ നിയന്ത്രിക്കാൻ സാധിക്കും. മനസ്സമ്മർദ്ദങ്ങളും, പിരിമുറുക്കങ്ങളും ഒഴിവാക്കുക. നല്ല വ്യായാമങ്ങൾ ചെയ്യുക, നല്ല വ്യക്തി ബന്ധങ്ങൾ വളർത്തിയെടുക്കുക, പ്രാർത്ഥനയിലോ, ധ്യാനത്തിലോ അഭയം കണ്ടെത്തുക, ഇവയൊക്കെ സഹായകമാകും.
17 . വിവിധ പഠന രീതികൾ കണ്ടെത്തുക
ഉറക്കെ വായിക്കുക, എഴുതുക, വരയ്ക്കുക, സങ്കല്പിക്കുക, വിഷയങ്ങളെക്കുറിച്ച് ഗവേഷണം നടത്തുക, ചോദ്യങ്ങൾ ചോദിക്കുക, പഠിപ്പിക്കുക, ഇവയൊക്കെ ഓർമ്മ ശക്തി വർധിപ്പിക്കാൻ സഹായിക്കും.