14 ലക്ഷം തട്ടിയെന്ന കേസ്; പരാതിക്കാരന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി കോൺഗ്രസ് നേതാവ് വിബിത ബാബു

0
66

പ്രവാസിയില്‍ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ പരാതിക്കാരനെതിരെ ഗുരുതര ആരോപണവുമായി വനിതാ കോണ്‍ഗ്രസ് നേതാവ് അഡ്വ. വിബിത ബാബു.  യുഎസിൽ താമസമാക്കിയ കോട്ടയം കടുത്തുരുത്തി പൂഴിക്കോൽ ജീസസ് ഭവനിൽ മാത്യു സി.സെബാസ്റ്റ്യൻ (75) തന്നെ ഓഫീസിലെത്തി കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് വിബിതയുടെ പരാതി.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് മല്ലപ്പള്ളി ഡിവിഷനിലെ  യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വിബിത ബാബു സമൂഹമാധ്യമങ്ങളിലൂടെ താരമായിരുന്നു. മാത്യുവിന്റെ വസ്തുസംബന്ധമായ കേസിന്റെ നടപടികൾക്കായി അഡ്വ.വിബിതയുടെയും പിതാവ് ബാബു തോമസിന്‍റെയും അക്കൗണ്ടുകളിലേക്കു പല തവണയായി 14 ലക്ഷം രൂപയോളം നൽകിയെന്നാണ് പരാതി. തദ്ദേശ തിരഞ്ഞെടുപ്പു സമയത്തും വിബിതയും പിതാവും സാമ്പത്തിക സഹായം തേടിയിരുന്നു. എന്നാൽ കേസിൽ നടപടി ഒന്നും ഉണ്ടാകാത്തതിനാൽ പണം തിരികെ ചോദിച്ചെങ്കിലും ലഭിച്ചില്ലെന്നും മാത്യു സി.സെബാസ്റ്റ്യൻറെ  പരാതിയിലുണ്ട്.

പരാതി സ്വീകരിച്ച തിരുവല്ല പോലീസ് വിബിത ബാബുവിനെതിരെയും പിതാവ് ബാബു തോമസിനെതിരെയും സാമ്പത്തിക തട്ടിപ്പിന് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പരാതിക്കാരനെതിരെ ഗുരുതര ആരോപണങ്ങളുമായി അഡ്വ.വിബിത രംഗത്തെത്തിയത്.

പരാതിക്കാരനായ മാത്യു നല്‍കിയ പണത്തിന്റെ ഒരുഭാഗം നിയമോപദേശത്തിന് തനിക്ക് ലഭിച്ച പ്രതിഫലമാണെന്നും ബാക്കി തുക ചാരിറ്റി പ്രവർത്തനങ്ങൾക്കായി പരാതിക്കാരൻ സ്വയം സന്നദ്ധനായി കൈമാറിയതാണെന്നും വിബിതയുടെ പരാതിയിൽ പറയുന്നു.  അഭിഭാഷകയുടെ പരാതിയില്‍ മാത്യു സി.സെബാസ്റ്റ്യനെതിരെയും പോലീസ് കേസെടുത്തു.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധനേടിയ സ്ഥാനാർത്ഥിയായിരുന്നു അഡ്വ. വിബിത ബാബു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ വിബിത ബാബു പരാജയപ്പെട്ടു. മല്ലപ്പള്ളി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായാണ് വിബിത ബാബു ജനവിധി തേടിയത്. എൽഡിഎഫ് സ്ഥാനാർഥി സി.കെ. ലതാകുമാരിയാണ് വിജയിച്ചത്. 1477 വോട്ടുകൾക്കാണ് വിബിത മല്ലപ്പള്ളി ഡിവിഷനിൽ പരാജയപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here