വാരണാസി: ഗ്യാന്‍വാപ്പി പള്ളിയില്‍ ശിവലിംഗം കണ്ടതുമായി ബന്ധപ്പെട്ട കേസില്‍ മുസ്ലീം വിഭാഗത്തിന്റെ വാദങ്ങള്‍ വ്യാഴാഴ്ച്ച കേള്‍ക്കുമെന്ന് വാരണാസി ജില്ലാ കോടതി. നേരത്തെ സുപ്രീം കോടതി നിര്‍ദേശങ്ങളെ തുടര്‍ന്നാണ് ഗ്യാന്‍വാപ്പി മുസ്ലീം പള്ളി തര്‍ക്കം വാരണാസിയിലെ കോടതി കേള്‍ക്കുന്നത്. പള്ളിക്കുള്ളില്‍ നടന്ന ചിത്രീകരണങ്ങളും പരിശോധിക്കലുമെല്ലാം നിയമവിരുദ്ധമാണെന്ന് പള്ളി കമ്മിറ്റി പറയുന്നു. ഇതാണ് ആദ്യം കേള്‍ക്കുന്ന ഹര്‍ജിയെന്ന് കോടതി പറഞ്ഞു. ഹിന്ദു-മുസ്ലീം വിഭാഗങ്ങളോട് സര്‍വേ റിപ്പോര്‍ട്ടിനോടുള്ള ഇവരുടെ എതിര്‍പ്പുകള്‍ അടങ്ങിയ സത്യവാങ്‌ലമൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ച്ച സമയവും അനുവദിച്ചു.
1991ലെ നിയമത്തിന്റെ ലംഘനമാണ് പള്ളിക്കുള്ളില്‍ നടത്തിയ ചിത്രീകരണമെന്ന് പള്ളിക്കമ്മിറ്റി പറയുന്നു. ആരാധനാലയങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം കൊണ്ടുവരുന്നത് തടയുന്നതിനുള്ള നിയമമാണിത്. തല്‍സ്ഥിതി തുടരണമെന്നുള്ള ഹര്‍ജിയാണ് ആദ്യം കേള്‍ക്കേണ്ടതെന്ന് പള്ളിക്കമ്മിറ്റി പറയുന്നു. ഇതിനോട് കോടതി യോജിക്കുകയായിരുന്നു. കേസില്‍ രണ്ട് കാര്യങ്ങളാണ് കോടതിയുടെ മുന്നിലുണ്ടായിരുന്നത്. ഇതില്‍ ഏതിന് മുന്‍തൂക്കം നല്‍കണമെന്നത് വാരണാസി കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി പരഞ്ഞിരുന്നു. ഗ്യാന്‍വാപ്പി പള്ളിയിലെ സര്‍വേ ആദ്യ നടത്തണമെന്നും, തല്‍സ്ഥിതി തുടരണമെന്നുമുള്ള ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്.
ഹിന്ദു വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഹര്‍ജിക്കാര്‍ മുസ്ലീം പള്ളിക്കുള്ളില്‍ ശിവലിംഗം വീഡിയോഗ്രാഫി സര്‍വേയില്‍ കണ്ടെത്തിയതായി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് കെട്ടിടത്തിന്റെ ഭാഗമായിട്ടുള്ളതാണെന്നും, അല്ലാതെ ശിവലിംഗമല്ലെന്നും പള്ളിക്കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞിരുന്നു. ഇതിന് ശേഷം ഈ സ്ഥലം സീല്‍ ചെയ്യാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം ഇല്ലാതാക്കരുതെന്ന് നിര്‍ദേശിച്ചത്.