പൂജാരക്കും ഗില്ലിനും സെഞ്ചുറി; ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് കൂറ്റന്‍ വിജയലക്ഷ്യം

0
73

ചിറ്റഗോറം: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദശിന് 513 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം. മൂന്നാം ദിനം ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിംഗ്സ് 150ല്‍ അവസാനിപ്പിച്ച് 254 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ ആതിഥേയരെ ബാറ്റിംഗിനയക്കാതെ വീണ്ടും ബാറ്റിംഗിനിറങ്ങി. സെഞ്ചുറിയുമായി ശുഭ്മാന്‍ ഗില്ലും ചേതേശ്വര്‍ പൂജാരയും തകര്‍ത്തടിച്ചതോടെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. 513 റണ്‍സ് വിജലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 42 റണ്‍സെടുത്തിട്ടുണ്ട്. 25 റണ്‍സോടെ നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോയും 17 റണ്‍സോടെ സാക്കിര്‍ ഹസനും ക്രീസില്‍. സ്കോര്‍ ഇന്ത്യ 404, 258-2, ബംഗ്ലാദേശ് 150, 42-0.

ഗില്ലിയാട്ടം, പിന്നെ റണ്‍ പൂജ

കൂറ്റന്‍ ലീഡിന്‍റെ സന്തോഷത്തില്‍ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ കെ എല്‍ രാഹുലും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമിട്ടു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവും ചേര്‍ന്ന് 70 റണ്‍സടിച്ചു. നിലയുറപ്പിച്ചെന്ന് കരുതിയ രാഹുലിനെ(23) വീഴ്ത്തി ഖാലിദ് അഹമ്മദ് ബംഗ്ലാദേശിന് ആശ്വസിക്കാന്‍ വക നല്‍കിയെങ്കിലും വണ്‍ ഡൗണായെത്തിയ പൂജാരയും ഗില്ലും ചേര്‍ന്ന് ഏകദിന ശൈലിയില്‍ ബാറ്റ് വീശിയതോടെ ഇന്ത്യന്‍ സ്കോര്‍ കുതിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 113 റണ്‍സടിച്ചു.  147 പന്തില്‍ തന്‍റെ ആദ്യ ടെസ്റ്റ് സെഞ്ചുറി കുറിച്ച ഗില്‍ 10 ഫോറും മൂന്ന് സിക്സും പറത്തി 152 പന്തില്‍ 110 റണ്‍സെടുത്ത് പുറത്തായി.

തകര്‍ത്തടിച്ച് പൂജാര

ഗില്‍ പുറത്തായശേഷം തകര്‍ത്തടിച്ച പൂജാര കോലിയെ കൂട്ടുപിടിച്ച് ഇന്ത്യയെ 200 കടത്തി. പൂജാരയുടെ അവസാന 50 റണ്‍സ് പിറന്നത് 37 പന്തിലായിരുന്നു. 52 ഇന്നിംഗ്സുകള്‍ക്കുശേഷം 130 പന്തില്‍ പൂജാര സെഞ്ചുറിയിലെത്തി. ടെസ്റ്റില്‍ പൂജാരയുടെ വേഗമേറിയ സെഞ്ചുറി കൂടിയാണിത്. പൂജാര സെഞ്ചുറി തികച്ചതിന് ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. പൂജാരക്കൊപ്പം 19 റണ്‍സുമായി വിരാട് കോലി പുറത്താകാതെ നിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here