മംഗളൂരു: ലക്ഷദ്വീപിലേക്കൊരു യാത്ര പല യാത്രാപ്രേമികളുടേയും ഒരു സ്വപ്നമാണ്. എന്നാല്‍ കേരളത്തോട് ഏറ്റവും അടുത്ത് കിടക്കുന്ന പ്രദേശമായിട്ട് പോലും അത്ര എളുപ്പത്തില്‍ ലക്ഷദ്വീപിലേക്ക് എത്താന്‍ കഴിയില്ലെന്നതാണ് നിലവിലെ സാഹചര്യം.
വിമാന സർവ്വീസ് ഉണ്ടെങ്കിലും ചിലവ് വളരെ കൂടുതലും സർവ്വീസുകളുടെ എണ്ണവും വളരെ കുറവുമാണ്. കുറഞ്ഞ ചിലവില്‍ കൊച്ചിയില്‍ നിന്നും കപ്പല്‍ സർവ്വീസ് ഉണ്ടെങ്കിലും തിരക്ക് കാരണം ടിക്കറ്റ് ലഭിക്കാന്‍ പലപ്പോഴും വൈകുകയും ചെയ്യും.
നേരത്തെ മംഗളൂരു, ബേപ്പൂർ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ലക്ഷദ്വീപിലേക്ക് കപ്പല്‍ സർവ്വീസ് ഉണ്ടായിരുന്നെങ്കിലും ഇത് പിന്നീട് റദ്ദാക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ മംഗളൂരുവില്‍ നിന്നും ലക്ഷദ്വീപിലേക്ക് അതിവേഗ പാസഞ്ചർ കപ്പല്‍ സർവ്വീസ് ആരംഭിച്ചിരിക്കുകയാണ്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് സർവ്വീസ് തുടങ്ങിയത്.
നേരത്തെയുണ്ടായിരുന്ന മംഗളൂരു-ലക്ഷദ്വീപ് സർവ്വീസിന് വേണ്ടി വന്നിരുന്നത് 13 മണിക്കൂർ സമയമായിരുന്നു. എന്നാല്‍ പുതിയ സർവ്വീസിന് 7 മണിക്കൂർ മാത്രം മതി.ടിക്കറ്റ് നിരക്കും കുറവാണ്. 650 രൂപയാണ് ലക്ഷദ്വീപ് -മംഗളൂരു അതിവേഗ പാസഞ്ചർ കപ്പലിലെ യാത്രാക്കൂലി.
കോവിഡിന് മുമ്ബ് വരെ 30 വർഷത്തോളം കൃത്യമായ ഇടവേളകളില്‍ രണ്ട് ചെറുകപ്പലുകള്‍ മംഗളൂരുവില്‍ നിന്നും ലക്ഷദ്വീപിലേക്ക് സർവ്വീസ് നടത്തിയിരുന്നു. കോവിഡ് കാലത്താണ് ഈ സർവ്വീസ് റദ്ദ് ചെയ്യുന്നത്. പിന്നീട് കോവിഡ് ഭീഷണി നീങ്ങിയെങ്കിലും കപ്പല്‍ സർവ്വീസ് പുനഃസ്ഥാപിക്കാന്‍ അധികാരികള്‍ തയ്യാറായില്ല.
പുതിയ അതിവേഗ കപ്പല്‍ 160 പേരുമായാണ് കഴിഞ്ഞ ദിവസം മംഗളൂരുവില്‍ നിന്നും ട്രയല്‍ റണ്‍ നടത്തിയത്. യാത്രാ സമയം 7 മണിക്കൂറിലേക്ക് ചുരുങ്ങിയതോടെ കൊച്ചിയില്‍ എത്തുന്നതിനേക്കാള്‍ വേഗത്തില്‍ ദ്വീപുകാർക്ക് മംഗളൂരുവിലേക്ക് ഇവിടെ ഉള്ളവർക്ക് ദ്വീപിലേക്കും എത്താന്‍ സാധിക്കും.
650 രൂപയുടെ ടിക്കറ്റ് എടുക്കുന്ന ഒരു യാത്രക്കാരന് 30 കിലോയുടെ ലഗേജ് കൂടെ കൊണ്ടുപോകാന്‍ സാധിക്കും. ക്യാപ്റ്റൻ, ചീഫ് ഓഫിസർ തുടങ്ങി 11 ജീവനക്കാരും കപ്പലില്‍ ഉണ്ടാകും. വിനോദ സഞ്ചാരികളെ കൂടി മുന്നില്‍ കണ്ടാണ് പുതിയ സർവീസ് ആരംഭിച്ചിരിക്കുന്നത്. അതേസമയം പൊലീസ് ക്ലിയറന്‍സ്, പെർമിറ്റ് അടക്കമുള്ള നിയമപരമായ കാര്യങ്ങള്‍ പൂർത്തീകരിച്ചാല്‍ മാത്രമേ നിലവില്‍ പുറമേ നിന്നുള്ളവർക്ക് ദ്വീപിലേക്ക് പോകാന്‍ സാധിക്കൂ. ഈ പ്രക്രിയ കൂടുതല്‍ ലളിതമാക്കണമെന്ന ആവശ്യം ശക്തമാണ്. അങ്ങനെയെങ്കില്‍ ദ്വീപിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വർധിക്കും.
അതേസമയം, കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും ദ്വീപിലേക്ക് കുറഞ്ഞ നിരക്കില്‍ ഇന്‍ഡിഗോ അടുത്തിടെ പുതിയ സർവ്വീസുകള്‍ പ്രഖ്യാപിച്ചിരുന്നു. 78 പേർക്ക് സഞ്ചരിക്കാവുന്ന എടിആർ വിമാനവുമായി കരിപ്പൂരില്‍നിന്ന് അഗത്തിയിലേക്കുള്ള ആദ്യ സർവ്വീസ് മെയ് 1 ന് ആരംഭിച്ചു.
ബേപ്പൂരില്‍ നിന്നുമുള്ള കപ്പല്‍ സർവ്വീസ് നിർത്തിയതോടെ
മലബാറുമായുള്ള ദ്വീപ് നിവാസികളുടെ ബന്ധം അറ്റ സാഹചര്യമാണുള്ളത്. മലബാർ മേഖലയില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തേണ്ട ദ്വീപ് നിവാസികള്‍ ഇപ്പോള്‍ കൊച്ചിയില്‍ എത്തിയതിന് ശേഷം വേണം കോഴിക്കോടും മറ്റും എത്താന്‍. ഇതിന് വലിയ ചിലവ് എന്നതിനോടൊപ്പം സമയം നഷ്ടവും ഏറെയാണ്. പുതിയ വിമാന സർവ്വീസ് ഇതിന് ഏറെക്കുറെ ആശ്വാസമായി മാറുമെന്നാണ് പ്രതീക്ഷ.