സബ് രജിസ്ട്രാർക്ക് വേണ്ടി 3000 രൂപ കൈക്കൂലി വാങ്ങിയ ജീവനക്കാരി പിടിയില്‍‌;

0
49

തിരുവനന്തപുരം: അച്ഛന്റെ പേരിലുള്ള ഭൂമി മകന്റെ പേരിലേക്ക് പ്രമാണം ചെയ്തു നൽകുന്നതിന് സബ് രജിസ്ട്രാർക്കുവേണ്ടി കൈക്കൂലി വാങ്ങിയ ഓഫീസ് അറ്റൻഡന്റ് വിജിലൻസ് പിടിയിൽ. നേമം സബ് റജിസ്ട്രാർക്കുവേണ്ടി 3000 രൂപ കൈക്കൂലി വാങ്ങിയ ഓഫീസ് അറ്റൻഡന്റ് ശ്രീജയെ വിജിലൻസ് ദക്ഷിണ മേഖല യൂണിറ്റ് ഡിവൈഎസ്പി സി എസ് വിനോദും സംഘവുമാണ് പിടികൂടിയത്.

വെള്ളായണി പാലപ്പൂര് തേരിവിള വീട്ടിൽ സുരേഷിന്റെ പരാതിയിൽ വിജിലൻസ് സംഘം നൽകിയ 3000 രൂപ സുരേഷിന്റെ കൈയിൽ നിന്നുവാങ്ങി ഫയലുകൾക്കിടയിൽ ഒളിപ്പിക്കുന്നതിനിടെയാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ 11.45നാണ് സംഭവം.

അതേസമയം കൈക്കൂലി നൽകാൻ ആവശ്യപ്പെട്ട സബ് രജിസ്ട്രാർ സന്തോഷ് കുമാർ ഇന്നലെ ഓഫീസിൽ ഹാജരായിരുന്നില്ല. ഇദ്ദേഹത്തെ ഒന്നാം പ്രതിയാക്കി കേസെടുത്ത വിജിലൻസ് സംഘം കുടപ്പനക്കുന്നിലെ ഇദ്ദേഹത്തിന്റെ വീട്ടിൽ രാത്രി വൈകിയും പരിശോധന നടത്തി. അച്ഛന്റെ പേരിലുള്ള വസ്തു തന്റെ പേരിലേക്ക് പ്രമാണം ചെയ്തുകിട്ടുന്നതിന് സുരേഷ് കുമാർ വെള്ളിയാഴ്ച നേമം സബ് രജിസ്ട്രാ‍ർ ഓഫീസിൽ അപേക്ഷ നൽകാൻ എത്തിയിരുന്നു.

ഇതിനിടെ സുരേഷിനെ ഓഫീസ് അറ്റൻഡന്റ് ശ്രീജ സമീപിക്കുകയും സബ് രജിസ്ട്രാറെ കണ്ടാൽ എത്രയും വേഗം കാര്യം നടക്കുമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതനുസരിച്ച് സബ് രജിസ്ട്രാറെ സമീപിച്ച സുരേഷിനോട് 3000 രൂപ ശ്രീജയെ ഏൽപ്പിക്കാൻ ആവശ്യപ്പെട്ടു. സുരേഷ് ഇക്കാര്യം വിജിലൻസിനെ അറിയിക്കുകയായിരുന്നു. ഇന്നലെ ശ്രീജയുടെ നേമം പൊലീസ് ക്വാർട്ടേഴ്സ് റോഡിലെ വീട്ടിലും വിജിലൻസ് പരിശോധന നടത്തി.

കഴിഞ്ഞ ശനിയാഴ്ചയാണ് അച്ഛന്റെ പേരിലുള്ള വസ്തു ഇഷ്ടദാനമായി സുരേഷിന്റെ പേരില്‍ എഴുതാന്‍ ഓഫീസിലെത്തിയത്. അസല്‍ പ്രമാണം ഇല്ലാത്തതിനാല്‍ അടയാളസഹിതം പകര്‍പ്പെടുക്കാനാണ് സുരേഷ് ഓഫീസിലെത്തിയത്. പെട്ടെന്ന് കാര്യങ്ങള്‍ നടക്കാന്‍ മൂവായിരം രൂപ ശ്രീജയ്ക്ക് നല്‍കാന്‍ സബ് രജിസ്ട്രാര്‍ ആവശ്യപ്പെട്ടതായി സുരേഷ് വിജിലന്‍സിനെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here