യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം നിർത്തിവെച്ച് റഷ്യ;

0
52

മോസ്കോ: വീണ്ടും യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം നിർത്തിവെച്ച് റഷ്യ. നോര്‍ഡ് സ്ട്രീം-1 പൈപ് ലൈന്‍ വഴിയുള്ള ഗ്യാസ് വിതരണമാണ് നിർത്തിവെച്ചിരിക്കുന്നത്.പൈപ്പ് ലൈൻ വഴിയുള്ള വാതക കയറ്റുമതി റഷ്യ ഇതിനകം ഗണ്യമായി കുറച്ചിട്ടുണ്ട്.

ബാൾട്ടിക് കടലിനു കീഴിൽ സെന്റ് പീറ്റേഴ്‌സ്ബർഗിനടുത്തുള്ള റഷ്യൻ തീരം മുതൽ വടക്കുകിഴക്കൻ ജർമ്മനി വരെ 1,200 കിലോമീറ്റർ (745 മൈൽ) നീണ്ടുകിടക്കുന്നതാണ് പൈപ് ലൈൻ. 2011 ലാണ് പൈപ് ലൈൻ ആരംഭിച്ചത്. പ്രതിദിനം പരമാവധി 170 ദശലക്ഷം ക്യുബിക് മീറ്റർ വാതകം ഇതുവഴി അയക്കാൻ സാധിക്കും.

സപ്റ്റംബർ മൂന്ന് വരെയാണ് ഗ്യാസ്പ്രേം കമ്പനിയുടെ പ്രധാന പൈപ് ലൈൻ നിർത്തിയിരിക്കുന്നത്. സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് വാതക വിതരണം നിർത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ യുക്രൈൻ യുദ്ധത്തിന് ശേഷം പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ പ്രതിരോധത്തിന് മറുപടിയെന്ന നിലയിലാണ് ഇപ്പോഴത്തെ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തേ ജുലൈയിൽ 10 ദിവസത്തേക്ക് വിതരണം നിർത്തിയിരുന്നു. പിന്നീട് 20 ശതമാനം വിതരണം മാത്രമായിരുന്നു നടത്തിയത്. അതേസമയം വിതരണം 10 ദിവസത്തിനുള്ളിൽ പുനഃരാരംഭിച്ചാൽ സാഹചര്യം നേരിടാൻ സാധിക്കുമെന്ന് ജർമ്മനിയുടെ നെറ്റ്‌വർക്ക് റെഗുലേറ്ററിന്റെ പ്രസിഡന്റ് പ്രതികരിച്ചു. ജർമനിക്ക് മതിയായ കരുതൽ ശേഖരം ഉണ്ടെന്നാണ് വിവരം. അതേസമയം ഗ്യാസ് വില കുത്തനെ ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് റഷ്യയുടെ നീക്കമെന്നാണ് യൂറോപ്യൻ നേതാക്കൾ ഭയപ്പെടുന്നത്. ഇതിനോടകം തന്നെ ഗ്യാസ് വില കുത്തനെ ഉയർന്നിട്ടുണ്ട്. ഗ്യാസ് വിലയിലെ കുത്തനെയുള്ള വർദ്ധനവ് ശൈത്യകാലത്ത് ജീവിതച്ചെലവ് പ്രതിസന്ധിയിലാക്കിയേക്കും. ഭാരം ലഘൂകരിക്കാൻ കോടിക്കണക്കിന് ചെലവഴിക്കാൻ സർക്കാരുകളെ നിർബന്ധിതരാകും.എന്നിരുന്നാലും, ഇന്നത്തെ പ്രഖ്യാപനം വിലയെ ഉടനടി ബാധിച്ചേക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here