തിരുവനന്തപുരം : സംസ്ഥാനത്തെ ലഹരിവ്യാപനം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. കോൺഗ്രസ് എംഎൽഎ പിസി വിഷ്ണുനാഥാണ് നിയമസഭയിൽ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നൽകിയത്. 2022 ൽ മാത്രം 16,228 കേസുകളാണ് ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന് അടിയന്തിര പ്രമേയമവതരിപ്പിച്ച് വിഷ്ണുനാഥ് പറഞ്ഞു.
ലഹരി ഉപയോഗം, വ്യാപാരം എന്നിവ സമൂഹത്തിന് ഭീഷണിയാകുന്ന നിലയിലേക്ക് വര്‍ധിച്ചുവെന്നും തടയാൻ ഫലപ്രദമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മറുപടി നൽകി. 2022 ൽ മാത്രം 16,228 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സ്ഥിരം ലഹരിക്കേസിൽ പെടുന്നവരെ കരുതൽ തടങ്കലിലാക്കും. പൊലീസും എക്സൈസും ഒരുമിച്ചുള്ള നടപടികൾ ഉണ്ടാകും. ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും. കേസിൽ ഉൾപ്പെടുന്നവരുടെ ഹിസ്റ്റർ ഷീറ്റ് തയാറാക്കി സൂക്ഷിക്കും. ഇവരെ നിരന്തരം നിരീക്ഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സഭയിൽ വിഷയത്തിൽ പ്രതിപക്ഷ ഭരണ പക്ഷ സഹകരണമാണ് ദൃശ്യമായത്. അയ്യായിരം കേസുകളിൽ നിന്നാണ് ഈ വർഷം വെറും എട്ടു മാസം കൊണ്ട് 120 % വർദ്ധനവുണ്ടായതെന്ന് വിഷ്ണുനാഥ് സഭയിൽ പറഞ്ഞു. പഞ്ചാബ് കഴിഞ്ഞാൽ ഏറ്റവുമധികം മയക്കുമരുന്ന് ബാധിത പ്രദേശം കേരളമാണെന്ന നിലയിലേക്ക് എത്തിയെന്നും വിഷ്ണുനാഥ് ആരോപിച്ചു. ലഹരിക്കെതിരെ ഒറ്റക്കെട്ടായി യുദ്ധസന്നാഹത്തിന് ഒരുങ്ങുന്നു എന്ന സന്ദേശമാണിതെന്ന് സ്പീക്കർ സഭയിൽ പറഞ്ഞു. വിഷയം ഉന്നയിച്ച പിസി വിഷ്ണുനാഥിനെ അഭിനന്ദിച്ച സ്പീക്കർ, മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതികൾക്ക് നിയമസഭയുടെയും സഭ ടിവിയുടേയും പൂർണ്ണ സഹകരണമുണ്ടാകുമെന്നും പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി സഭയിൽ പറഞ്ഞ ലഹരി കണക്ക്
കേസുകൾ
2020 – 4650
2021 – 5334
2022 – 16,128 (ഓഗസ്റ്റ് 29 വരെ)
പിടിയിലായവർ
2020 – 5674
2021 – 6704
2022 – 17,834
ഈ വർഷം പിടികൂടിയത്
1340 കിലോ കഞ്ചാവ്
6.7 കിലോ എം.ഡി.എം.എ
23.4 കിലോ ഹാഷിഷ് ഓയിൽ