295 വാഗണുകൾ, 6 എൻജിൻ; പരീക്ഷണ ഓട്ടം നടത്തി റെയിൽവെ

0
65

ന്യൂഡൽഹി: ഒരു താപവൈദ്യുതി നിലയത്തിന് ഒരു ദിവസം പ്രവർത്തിക്കാനാവശ്യമായ കൽക്കരി മുഴുവൻ ഒറ്റത്തവണ എത്തിക്കാൻ ശേഷിയുള്ള വമ്പൻ ചരക്ക് തീവണ്ടിയുടെ പരീക്ഷണ ഓട്ടം നടത്തി റെയിൽവെ. ഒരു ചരക്ക് തീവണ്ടിക്ക് വഹിക്കാനാവുന്നതിന്റെ മൂന്നിരട്ടി ചരക്കുകൾ കയറ്റാൻ കഴിയുന്ന സൂപ്പർ വാസുകി എന്ന തീവണ്ടിയാണ് റെയിൽവെ പരീക്ഷിച്ചത്. 295 വാഗണുകളുള്ള ചരക്കുതീവണ്ടിയാണ് സൂപ്പർ വാസുകി.’ആസാദി കാ അമൃത്’ മഹോത്സവിന്റെ ഭാഗമായാണ് രാജ്യത്തെ ഏറ്റവും നീളം കൂടിയതും ഭാരമേറിയതുമായ തീവണ്ടിയുടെ കന്നിയോട്ടം ഓഗസ്റ്റ് 15-ന് നടത്തിയത്.

25,962 ടൺ കൽക്കരിയുമായി ഛത്തീഡ്ഗഡിലെ കോർബ മുതൽ നാഗ്പുരിലെ രാജ്നന്ദ്ഗാവ് വരെയാണ് സൂപ്പർ വാസുകി ഓടിയത്. 3.5 കിലോമീറ്ററായിരുന്നു ട്രെയിന്റെ മൊത്തം നീളം. അഞ്ച് ചരക്കുതീവണ്ടികളുടെ ബോഗികൾ ഒന്നിച്ചു ചേർന്നതാണ് സൂപ്പർ വാസുകി തയ്യാറാക്കിയത്. ഒരു സ്റ്റേഷൻ കടക്കാൻ സൂപ്പർ വാസുകി നാല് മിനിറ്റോളം സമയമെടുത്തു.

ഒറ്റയാത്രയിൽ 27,000 ടൺ വരെ സൂപ്പർ വാസുകിയ്ക്ക് വഹിക്കാനാകും. ആറ് എൻജിനുകളാണ് ഭീമൻ ട്രെയിനെ യാത്രയ്ക്ക് സഹായിക്കുന്നത്.3000 മെഗാവാട്ട് ശേഷിയുള്ള പവർ പ്ലാന്റിന് ഒരു ദിവസം ആവശ്യമുള്ള കൽക്കരി ഒറ്റത്തവണ യാത്രയിൽ സൂപ്പർ വാസുകിയ്ക്ക് എത്തിക്കാനാകും. 9,000 ടൺ കൽക്കരിയാണ് നിലവിൽ ഇന്ത്യയിലെ ഒരു ചരക്കുതീവണ്ടിയ്ക്ക് പരമാവധി എത്തിക്കാനാവുന്നത്. ഇതിന്റെ മൂന്നിരട്ടി സൂപ്പർ വാസുകി എത്തിക്കും.ഇത്തരം ചരക്കുതീവണ്ടികൾ വ്യാപകമായി ഉപയോഗിക്കാനുള്ള ആലോചനയിലാണ് റെയിൽവേ. പവർ സ്റ്റേഷനുകൾക്കുള്ള കൽക്കരി പോലുള്ള അസംസ്കൃത വസ്തുക്കളുടെ ക്ഷാമമുണ്ടാതിരിക്കാൻ ഇത് സഹായകമാകുമെന്നാണ് റെയിവേയുടെ കണക്കുകൂട്ടലെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here