ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതി നല്‍കി ആദരിച്ച് ഫ്രഞ്ച് സര്‍ക്കാര്‍. ‘ഷെവലിയാര്‍ ഡി ലാ ലീജിയണ്‍ ദ ഹോണേര്‍ ‘ നല്‍കിയാണ് ശശി തരൂരിനെ ആദരിച്ചിരിക്കുന്നത്. 1802-ല്‍ നപ്പോളിയന്‍ ബോണാപാര്‍ട്ട് ആണ് ഈ ബഹുമതി സ്ഥാപിച്ചത്. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനയിനാണ് ശശി തരൂരിനെ ഇക്കാര്യം അറിയിച്ചത്.
ഫ്രാന്‍സില്‍ നിന്നുള്ള ഏതെങ്കിലുമൊരു മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുമ്പോഴാണ് പുരസ്‌കാരം സമ്മാനിക്കുക.ഫ്രാന്‍സുമായുള്ള ബന്ധത്തെ വളരെയധികം ബഹുമാനത്തോടെ കാണുകയും ഫ്രഞ്ച് ഭാഷയയേയും സംസ്‌കാരത്തേയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയില്‍ ബഹുമതിയില്‍ സന്തോഷം രേഖപ്പെടത്തുന്നതായി തരൂര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലുള്ള ശശി തരൂരിന്റെ സംഭവാനകള്‍ കണക്കിലെടുത്താണ് ഈ അംഗീകാരം.
നന്ദി… ഫ്രാന്‍സുമായുള്ള നമ്മുടെ ബന്ധത്തെ വിലമതിക്കുകയും ഭാഷയെ സ്‌നേഹിക്കുകയും സംസ്‌കാരത്തെ ആരാധിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയില്‍, ഈ രീതിയില്‍ അംഗീകരിക്കപ്പെട്ടതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇങ്ങനെയൊരു പുരസ്‌കാരത്തിനായി എന്നെ തിരഞ്ഞെടുത്തതിന് ഒരുപാട് നന്ദി, എന്നാണ് പുരസ്‌ക്കാര നേട്ടത്തിന് പിന്നാലെ തരൂര്‍ കുറിച്ചത്.