നമ്പി നാരായണന്‍ മാധവനെ പറ്റിച്ചു, കലാമുണ്ടായിരുന്നെങ്കില്‍ ആ സീനുണ്ടാകില്ല; ആഞ്ഞടിച്ച് ശശികുമാര്‍

0
69

കൊച്ചി: ഐ എസ് ആര്‍ ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ‘റോക്കട്രി ദി നമ്പി ഇഫക്ട്’ എന്ന ചിത്രത്തിനെതിരെ ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സീനിയര്‍ ശാസ്ത്രജ്ഞന്‍ ശശികുമാര്‍. സിനിമയില്‍ കാണിച്ചിരിക്കുന്ന 90 ശതമാനം കാര്യങ്ങളും സത്യ വിരുദ്ധമാണെന്നാണ് ശശികുമാര്‍ പറയുന്നത്.

മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വ്യാജപ്രചരണങ്ങള്‍ ഐ എസ് ആര്‍ ഒയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച നൂറുകണക്കിന് ഉന്നത ശാസ്ത്രജ്ഞരോട് ചെയ്യുന്ന കടുത്ത ദ്രോഹമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയിലൂടെ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ക്രൂരവും രാജ്യദ്രോഹവുമാണ്.

ആയിരക്കണക്കിന് ശാസ്ത്രജ്ഞര്‍ പ്രവര്‍ത്തിക്കുന്ന ഐ എസ് ആര്‍ ഒ എന്ന സ്ഥാപനത്തെ അപമാനിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. ഐ എസ് ആര്‍ ഒയിലെ മുഖ്യ ശാസ്ത്രജ്ഞന്‍ താനായിരുന്നു എന്ന രീതിയിലുള്ള നമ്പി നാരായണന്റെ പ്രചരണങ്ങള്‍ തെറ്റാണ് എന്നും അദ്ദേഹത്തേക്കാള്‍ നൂറിരട്ടി സേവനങ്ങള്‍ ചെയ്ത ഉന്നത ശാസ്ത്രജ്ഞര്‍ ഇത് നിസ്സഹായരായി കേള്‍ക്കുകയാണ് എന്നും ശശികുമാര്‍ പറഞ്ഞു.നടന്‍ മാധവനെ പറ്റിച്ച് കോടിക്കണക്കിന് രൂപ ചെലവഴിപ്പിച്ചിരിക്കയാണ് നമ്പി നാരായണന്‍ എന്നും അദ്ദേഹം പറഞ്ഞു. നമ്പി നാരായന് പത്മഭൂഷണ്‍ ലഭിക്കാന്‍ യാതൊരു അര്‍ഹതയുമില്ല എന്നും അദ്ദേഹം പറഞ്ഞു. ഐ എസ് ആര്‍ ഒയിലെ 400 ശാസ്ത്രജ്ഞര്‍ക്കെങ്കിലും കൊടുത്തതിന് ശേഷമേ നമ്പിക്ക് അതിന് അര്‍ഹതയുള്ളു. നമ്പിയുടെ ബഡായി കേട്ട് വിശ്വസിച്ച പത്രക്കാരാണ് ഇങ്ങനെ ഉയര്‍ത്തിക്കൊണ്ടുവരുന്നത് എന്നും ഐ എസ് ആര്‍ ഒയിലെ ഉന്നത ശാസ്ത്രജ്ഞര്‍ക്കുള്‍പ്പെടെ അതില്‍ വലിയ അമര്‍ഷമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
നമ്പി നാരായണന് കേരള സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയതിനേയും അദ്ദേഹം വിമര്‍ശിച്ചു. നമ്പി കോടതിയില്‍ നഷ്ടപരിഹാരം ചോദിച്ചത് ഒരു കോടിയായിരുന്നു എന്നിരിക്കെ അതില്‍ വിധി വരുന്നതിന് മുമ്പ് സര്‍ക്കാര്‍ കോടതിക്ക് പുറത്ത് വെച്ച് ഒരു കോടി 30 ലക്ഷം കൊടുത്ത് കേസ് തീര്‍പ്പാക്കി. ലോകത്ത് എവിടെയെങ്കിലും സംഭവിക്കുന്ന കാര്യമാണോ ഇത് എന്നും അദ്ദേഹം ചോദിച്ചു.
നമ്പി നാരായണനേക്കാള്‍ പ്രയാസമനുഭവിച്ച രണ്ട് സ്ത്രീകള്‍ ഉണ്ടായിരുന്നില്ലേ എന്നും അവര്‍ രണ്ടു പേരും മൂന്ന് മൂന്നര വര്‍ഷം ജയിലില്‍ കിടന്നിട്ട് അവര്‍ക്ക് പതിനായിരം രൂപയെങ്കിലും കൊടുക്കാമായിരുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.
അബ്ദുള്‍ കലാം ജീവിച്ചിരുന്നെങ്കില്‍ നമ്പിയുടെ കഥാപാത്രം അബ്ദുല്‍ കലാമിനെ തിരുത്തുന്ന രംഗം സിനിമയില്‍ ഉണ്ടാകുമായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. സത്യത്തില്‍ നമ്പി ടെക്‌നിക്കല്‍ അസിസ്റ്റന്റായി വന്ന ആദ്യകാലത്ത് കലാമിന്റെ അടുത്തു കൂടെയുണ്ടായിരുന്നു എന്നല്ലാതെ ഒരു പ്രോജക്ടില്‍ അവര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ല.

1971 മുതല്‍ കലാം എസ്.എല്‍.വി. മൂന്നിന്റെ പ്രവര്‍ത്തനത്തിലായിരുന്നു എന്നും താനാണ് കലാമിന്റെ കൂടെ പ്രവര്‍ത്തിച്ചത് എന്നും അദ്ദേഹം പറഞ്ഞു. എസ്.എല്‍.വി. പ്രോജക്ടില്‍ കലാമിന്റെ ടീമില്‍ തങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതില്‍ കയറാന്‍ നമ്പി ശ്രമിച്ചിരുന്നു എന്നും എന്നാല്‍ കലാം അടുപ്പിച്ചില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

നമ്പി നാരായണന്‍ ആരാണെന്ന് ഐ എസ് ആര്‍ ഒയിലുള്ള എല്ലാവര്‍ക്കും അറിയാം. എല്ലാം അദ്ദേഹത്തിന്റെ നാട്യങ്ങളാണ്. സൂക്ഷ്മമായി അന്വേഷിക്കാത്തത് കൊണ്ടാണ് നിങ്ങള്‍ക്ക് നമ്പി നാരായണനെ കുറിച്ച് കുറിച്ച് കൃത്യമായി അറിഞ്ഞുകൂടാത്തത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here