വായുവിലെ കൊറോണ വൈറസ് കണികകള്‍ മനുഷ്യരെ ബാധിക്കും: സ്ഥിരീകരിച്ച് പഠനം

0
68

സാര്‍സ് കോവ്-2 വൈറസിന്‍റെ വായുവിലൂടെയുള്ള വ്യാപനം സ്ഥിരീകരിച്ച് ഹൈദരാബാദിലെ സെന്‍റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജിയുടെ പുതിയ പഠനം. പുറത്തെ ഇടങ്ങളേക്കാള്‍ അടച്ചിട്ട മുറികളിലെ വൈറല്‍ ആര്‍എന്‍എയുടെ സാന്നിധ്യം കൂടുതലായിരിക്കുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ചണ്ഡീഗഢ് ഐഎംടെക്കും ഹൈദരാബാദിലെയും മൊഹാലിയിലെയും ആശുപത്രികളും ചേര്‍ന്നാണ് ഗവേഷണം നടത്തിയത്.

കോവിഡ്19 രോഗികള്‍ താമസിച്ച ആശുപത്രികള്‍, രോഗികള്‍ അല്‍പ സമയം മാത്രം ചെലവഴിച്ച മുറികള്‍, കോവിഡ് രോഗികള്‍ ക്വാറന്‍റീനില്‍ ഇരിക്കുന്ന വീടുകള്‍ എന്നിവിടങ്ങളിലെ വായു സാംപിളുകളുടെ പരിശോധനയിലാണ് വൈറസിന്‍റെ വായുവിലൂടെയുള്ള വ്യാപനം തെളിഞ്ഞത്. കോവിഡ് രോഗികളുടെ ചുറ്റുമുള്ള വായുവില്‍ വൈറസ് സാന്നിധ്യം തുടര്‍ച്ചയായി കണ്ടെത്താന്‍ സാധിക്കുമെന്നും ഒരു സ്ഥലത്തെ രോഗികളുടെ എണ്ണം ഉയരുന്നതിന് അനുസരിച്ച് വായുവിലെ വൈറസിന്‍റെ പോസിറ്റിവിറ്റി നിരക്കും കൂടുമെന്നും ഗവേഷകര്‍ പറയുന്നു.

അണുബാധയുടെ തീവ്രത എത്രയാണെങ്കിലും കോവിഡ് ബാധിച്ച രോഗികള്‍ തുടര്‍ച്ചയായി വൈറസ് കണികകള്‍ പുറന്തള്ളിക്കൊണ്ടിരിക്കുമെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. വായുവില്‍ തങ്ങി നില്‍ക്കുന്ന ഈ കണികകള്‍ രോഗം പരുത്തുമെന്നും ദീര്‍ഘ ദൂരത്തേക്ക് ഇതിന്‍റെ വ്യാപനം ഉണ്ടാകുമെന്നും ഗവേഷണത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞയായ ശിവരഞ്ജനി മൊഹാരിര്‍ പറഞ്ഞു. അടഞ്ഞ ഇടങ്ങളില്‍ കുറേ സമയത്തേക്ക് വൈറസ് തങ്ങി നില്‍ക്കും. ഒരു മുറിയില്‍ രണ്ടോ അതിലധികമോ കോവിഡ് രോഗികള്‍ ഉണ്ടെങ്കില്‍ ചുറ്റുമുള്ള വായുവില്‍ വൈറസ് കണ്ടെത്താനുള്ള സാധ്യത 75 ശതമാനമാണ്. ഒരു രോഗിയെ ഉള്ളൂവെങ്കില്‍ ഈ പോസിറ്റീവിറ്റി നിരക്ക് 15.8 ശതമാനമായി കുറയും. വൈറല്‍ ആര്‍എന്‍എയുടെ സാന്നിധ്യം ആശുപത്രി പോലുള്ള ഇടങ്ങളില്‍ കൂടുതലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. മാസ്കുകളുടെ ഉപയോഗം വലിയ തോതില്‍ വൈറസ് വ്യാപനം കുറയ്ക്കുമെന്നും ജേണല്‍ ഓഫ് എയറോസോള്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here