തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം. അദ്ദേഹത്തെ തിരുവനന്തപുരം കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു.
ഇന്നു വൈകുന്നേരം ആറിന് തിരുവനന്തപുരത്തെ ഓഫീസില്‍ ഹാജരാകാനുള്ള നോട്ടീസുമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അഞ്ച് മണിയോടെ ശിവശങ്കറിന്റെ വസതിയിലെത്തി. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എത്തിയ വിവരം അപ്പോള്‍ തന്നെ അഭിഭാഷകനെ ശിവശങ്കര്‍ അറിയിച്ചിരുന്നു.പിന്നീട് ഉദ്യോഗസ്ഥര്‍ക്കൊപ്പം പോകവെയാണ് ശിവശങ്കറിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.
കസ്റ്റംസ് സംഘമാണ് ശിവശങ്കറിനെ കരമനയിലെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെ കാര്‍ഡിയാക് ഐസിയുവിലാണ് അദ്ദേഹമുള്ളത്. രക്താതി സമ്മര്‍ദത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു. ശിവശങ്കറിന്റെ ഭാര്യ ഇതേ ആശുപത്രിയില്‍ നെഫ്രോളജിസ്റ്റാണ്.
ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. എം ശിവശങ്കറിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്.