നിലപാട് മാറ്റി താലിബാന്‍; ഖത്തറുമായി പുതിയ കരാറിന്..

0
79

ദോഹ/കാബൂള്‍; കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 15നാണ് അഫ്ഗാനിസ്താന്റെ ഭരണം താലിബാന്‍ വീണ്ടും പിടിച്ചടക്കിയത്. അതുവരെ നിലവിലുണ്ടായിരുന്ന സര്‍ക്കാരിനെ അട്ടിമറിച്ചായിരുന്നു താലിബാന്റെ രണ്ടാം വരവ്. സര്‍ക്കാരിനെ പിന്തുണച്ചിരുന്നവര്‍ കൂട്ടത്തോടെ രാജ്യം വിടാന്‍ ശ്രമിച്ചത് വലിയ അഭയാര്‍ഥി പ്രതിസന്ധിക്കിടയാക്കുമോ എന്ന ആശങ്ക പരന്നിരുന്നു. എന്നാല്‍ ഖത്തറിന്റെയും മറ്റു രാജ്യങ്ങളുടെയും സഹായത്തോടെ ഈ വെല്ലുവിളി മറികടന്നു.

വിദേശ രാജ്യങ്ങള്‍ അഫ്ഗാന് സുരക്ഷ ഒരുക്കേണ്ടെന്നും സൈനികമായ യാതൊരു വിദേശ ഇടപെടലും അഫ്ഗാനില്‍ അനുവദിക്കില്ലെന്നുമായിരുന്നു താലിബാന്റെ അന്നത്തെ നിലപാട്. എന്നാല്‍ ഒരു വര്‍ഷത്തോട് അടുക്കുമ്പോള്‍ താലിബാന്‍ ആ നിലപാട് മാറ്റുകയാണ്. ഖത്തറുമായി പുതിയ കരാറിന് ഒരുങ്ങുകയാണ് താലിബാന്‍. വിശദാംശങ്ങള്‍ ഇങ്ങനെ…

താലിബാന്‍ ഭരണകൂടത്തിന് വിദേശത്ത് ഓഫീസുള്ള രാജ്യമാണ് ഖത്തര്‍. അമേരിക്കയുമായി സമവായ ചര്‍ച്ചകള്‍ നടന്നിരുന്നത് ദോഹയിലെ ഈ ഓഫീസില്‍ വച്ചായിരുന്നു. അമേരിക്കന്‍ സൈന്യം രാജ്യം വിട്ടെങ്കിലും ഇപ്പോഴും അമേരിക്കയുമായി ചര്‍ച്ചകള്‍ ദോഹയിലെ ഓഫീസില്‍ നടക്കുന്നുണ്ട്. തടഞ്ഞുവച്ച അഫ്ഗാന്റെ ആസ്തികള്‍ വിട്ടുതരണമെന്ന വിഷയത്തിലാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍.

താലിബാന്‍ നേതാക്കള്‍ ഖത്തറില്‍ പതിവ് സന്ദര്‍ശകരാണ്. ഖത്തറിന്റെ സഹായം പരമാവധി ഉപയോഗപ്പെടുത്താനാണ് താലിബാന്റെ പുതിയ തീരുമാനം. സാമ്പത്തിക-സുരക്ഷാ കാര്യങ്ങളില്‍ ഖത്തറിന്റെ സഹായം താലിബാന്‍ തേടുന്നുവെന്നാണ് വിവരം. ഖത്തര്‍ ഭരണകൂടം ഇതുമായി ബന്ധപ്പെട്ട പുതിയ പദ്ധതിയുടെ രൂപരേഖ താലിബാന്‍ നേതാക്കള്‍ക്ക് മുമ്പാകെ വച്ചിട്ടുണ്ട്.

ഖത്തറുമായി സുരക്ഷാ കരാര്‍ ഒപ്പുവയ്ക്കാനാണ് താലിബാന്റെ നീക്കം. പ്രതിരോധ മന്ത്രി യാക്കൂബ് മുജാഹിദ് കഴിഞ്ഞ ദിവസം ദോഹ സന്ദര്‍ശിച്ചിരുന്നു. കരാര്‍ സംബന്ധിച്ച രൂപ രേഖ യാക്കൂബ് മുജാഹിദ് മുമ്പാകെ ഖത്തര്‍ പ്രതിനിധികള്‍ സമര്‍പ്പിച്ചു. താലിബാന്‍ നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷം കരാറില്‍ അന്തിമ തീരുമാനം എടുക്കുമെന്നാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്.

സുരക്ഷാ കാര്യങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിച്ച് മുന്നോട്ട് പോകാനാണ് ഖത്തറിന് താല്‍പ്പര്യം. താലിബാന്‍ സൈനികരെ ആധുനിക വല്‍ക്കരിക്കാനും ഖത്തറിന് പദ്ധതിയുണ്ട്. ഇതൊരു അവസരമായി താലിബാന്‍ നേതാക്കളും കാണുന്നു. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടത്തി അന്തിമ തീരുമാനം എടുക്കേണ്ടതുണ്ടെന്ന് യാക്കൂബ് മുജാഹിദ് മാധ്യമങ്ങളോട് പറഞ്ഞു.

ഖത്തര്‍ ഭരണകൂടത്തോട് സാമ്പത്തിക സഹായവും താലിബാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശമ്പളം നല്‍കാന്‍ പോലും പണമില്ലാത്ത അവസ്ഥയാണ് അഫ്ഗാനിലിപ്പോള്‍. ശക്തമായ സൈനിക ശക്തിയാകണമെന്ന് താലിബാന് ആലോചനയുണ്ട്. എന്നാല്‍ യുവാക്കളെ കൂടുതലായി സൈന്യത്തിലേക്ക് ആകര്‍ഷിക്കണെങ്കില്‍ മികച്ച ശമ്പളം നല്‍കേണ്ടതുണ്ടെന്ന് താലിബാന്‍ കണക്കൂട്ടുന്നു.

സൈനികര്‍ക്ക് ശമ്പളം, യൂണിഫോം, ഉപകരണങ്ങള്‍ എന്നിവയ്ക്കായി ഖത്തറിന്റെ സഹായം ആവശ്യമാണെന്ന് താലിബാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. ഖത്തര്‍ ഇസ്ലാമിക രാജ്യമാണ്. അവര്‍ മുമ്പും അഫ്ഗാനെ സഹായിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഈ ഘട്ടത്തില്‍ ഖത്തറിനോട് സഹായം അഭ്യര്‍ഥിക്കുന്നതെന്ന് യാക്കൂബ് മുജാഹിദ് വിശദീകരിക്കുന്നു.

താലിബാന്‍ ഭരണകൂടത്തെ അന്താരാഷ്ട്ര സമൂഹം പ്രതീക്ഷിക്കുന്ന തലത്തില്‍ മാറ്റിയെടുക്കാനാണ് ഖത്തറിന്റെ ശ്രമം. അതേസമയം, അഫ്ഗാനില്‍ ശക്തമായ ഭരണകൂടം വരുന്നത് പാകിസ്താന് തിരിച്ചടിയാകുമെന്ന് വിലയിരുത്തുന്ന നിരീക്ഷകരുമുണ്ട്. പാശ്ചാത്യ രാജ്യങ്ങള്‍ പാകിസ്താനെയും ഇറാനെയും ആശങ്കയോടെയാണ് കാണുന്നത്. ഈ മേഖലയില്‍ അഫ്ഗാനെ ശക്തിപ്പെടുത്തിയാല്‍ ഇരുരാജ്യങ്ങളും ഉയര്‍ത്തുന്ന ഭീഷണിയെ ചെറുക്കാന്‍ സാധിക്കുമെന്നും നിരീക്ഷകര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here