ന്യൂദല്‍ഹി: വിയറ്റ്‌നാമില്‍ നിന്നുള്ള ഇന്ത്യന്‍ ദമ്പതികളില്‍ നിന്ന് 45 തോക്കുകള്‍ പിടികൂടി കസ്റ്റംസ് ഉദ്യോഗസ്ഥര്‍. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് വിയറ്റ്‌നാമില്‍ നിന്നുള്ള ഇന്ത്യന്‍ ദമ്പതികളില്‍ നിന്ന് തോക്കുകള്‍ പിടിച്ചെടുത്തത്.
രണ്ട് ബാഗുകളില്‍ നിന്നായി 22 ലക്ഷം രൂപ വിലമതിക്കുന്ന 45 തോക്കുകളാണ് പിടികൂടിയത്. 12 ലക്ഷം രൂപയില്‍ അധികം വിലയുള്ള 25 തോക്കുകള്‍ ഇതുപോലെ മുമ്പ് കടത്തിയതായി അവര്‍ സമ്മതിച്ചതായി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മുതിര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു.
‘തോക്കുകള്‍ യഥാര്‍ത്ഥമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാന്‍ ബാലിസ്റ്റിക് പരിശോധന നടത്തും. പക്ഷേ, പ്രാഥമിക റിപ്പോര്‍ട്ടില്‍, തോക്കുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാണെന്നും അത് ഉപയോഗിക്കാന്‍ കഴിയുമെന്നും ദേശീയ സുരക്ഷാ ഗാര്‍ഡ് (എലൈറ്റ് തീവ്രവാദ വിരുദ്ധ യൂണിറ്റ്) സ്ഥിരീകരിച്ചിട്ടുണ്ട്,’ ഉദ്യോഗസ്ഥന്‍ എ എന്‍ ഐയോട് പറഞ്ഞു.