ദേശീയ സീനിയർ അത്‌ലറ്റിക്‌സിന്‌ തുടക്കം; മീറ്റ് റെക്കോഡ് മറികടന്ന് ശ്രീശങ്കർ, ബരണിക

0
80

ചെന്നൈ: ദേശീയ സീനിയർ അത്ലറ്റിക്സിന്റെ ആദ്യദിനം മലയാളി ലോങ്ജമ്പർ എം.ശ്രീശങ്കർ മീറ്റ് റെക്കോഡ് മറികടന്ന പ്രകടനത്തോടെ ഫൈനലിലെത്തി. തമിഴ്നാടിന്റെ പോൾവാൾട്ട് താരം ബരണിക ഇളങ്കോവൻ മീറ്റ് റെക്കോഡ് കുറിച്ചു.

പുരുഷൻമാരുടെ ലോങ്ജമ്പിലെ സെമി ഫൈനലിൽ 8.01 മീറ്റർ ചാടിയാണ് മലയാളി ഒളിമ്പ്യൻ മീറ്റ് റെക്കോഡ് മറികടന്നത്. 2013-ൽ പ്രേംകുമാർ സ്ഥാപിച്ച (8.00 മീ) റെക്കോഡ് ദൂരം തിരുത്തി. ഇതേയിനത്തിൽ മറ്റൊരു മലയാളി താരം മുഹമ്മദ് അനീസ് യഹിയയും (7.85 മീറ്റർ) തമിഴ്നാടിന്റെ ജസ്വിൻ ആൽഡ്രിനും (7.71 മീ) മികച്ച പ്രകടനത്തോടെ ഫൈനലിലെത്തി. വനിതകളുടെ പോൾവാൾട്ടിൽ 4.05 മീറ്റർ ചാടിക്കടന്നാണ് തമിഴ്നാട്ടിന്റെ ബരണിക ഇളങ്കോവൻ സ്വർണവും മീറ്റ് റെക്കോഡും നേടിയത്. തമിഴ്നാടിന്റെ തന്നെ റോസി മീന പോൾരാജ് (4.00 മീ.) വെള്ളിയും പവിത്ര വെങ്കടേഷ് (3.90 മീ.) വെങ്കലവും നേടി.

പുരുഷന്മാരുടെ 10,000 മീറ്ററിൽ സ്വർണവും വെള്ളിയും ഉത്തർപ്രദേശ് നേടി. അഭിഷേക് പാൽ (29 മിനിറ്റ് 55.51 സെക്കൻഡ്) സ്വർണം നേടിയപ്പോൾ ഗുൽവീർ സിങ് (29:55.71) വെള്ളിയും രാജസ്ഥാന്റെ ധർമേന്ദർ (29:55.84) വെങ്കലവും നേടി.

വനിതകളുടെ 10,000 മീറ്ററിൽ ആദ്യ രണ്ടു മെഡലുകളും മഹാരാഷ്ട്ര സ്വന്തമാക്കി. സഞ്ജീവനി ബാബുറാവു (33:16.43 സെ.) സ്വർണവും പ്രജക്ത ഗോഡ്ബോലെ (33:59.34) വെള്ളിയും നേടി. ഉത്തർപ്രദേശിന്റെ കവിതാ യാദവിനാണ് (35:00.33) വെങ്കലം.

ചെന്നൈ ജവാഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടക്കുന്നഅത്ലറ്റിക് മീറ്റ് അടുത്തമാസം നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിനും കോമൺവെൽത്ത് ഗെയിംസിനും യോഗ്യതനേടാനുള്ള അവസരംകൂടിയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പ്രധാന അത്ലറ്റുകൾ മത്സരിക്കുന്നു. മലയാളികളായ 52 പേർ മത്സരരംഗത്തുണ്ട്. മീറ്റ് ചൊവ്വാഴ്ച സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here