ന്യൂഡൽഹി : എല്ലാവരും അവരവരെ കുറിച്ച് ചിന്തിക്കണമെന്നും കോൺഗ്രസ് വിട്ടത് പെട്ടെന്നുള്ള തീരുമാനപ്രകാരമല്ലെന്നും കപിൽ സിബൽ. പാർലമെന്റിൽ സ്വതന്ത്ര ശബ്ദമുയരേണ്ട സമയമായെന്ന് തോന്നി. അതനുസരിച്ചാണ് അഖിലേഷ് യാദവിനെ സമീപിച്ചത്.
സമാജ്വാദി പാർട്ടിയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായിട്ടാണ് രാജ്യസഭയിലേക്ക് നാമനിർദേശപത്രിക സമർപ്പിച്ചത്. ഏതെങ്കിലുമൊരു പാർട്ടി കുപ്പായത്തിൽ മാത്രം തൂങ്ങി നിൽക്കാൻ താൽപര്യമില്ലെന്നും സിബൽ പറഞ്ഞു.
എല്ലാ കാലവും ഇതുപോലെ പോവാനാവില്ല. എല്ലാവരും പുതിയതെന്തെങ്കിലും ചെയ്യാൻ വേണ്ടി ചിന്തിക്കണം. എല്ലാ പ്രതിപക്ഷപാർട്ടികളേയും 2024-ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പേ ബി.ജെ.പിക്കെതിരേ പോരാടാനായി ഒന്നിപ്പിക്കുകയാണ് ലക്ഷ്യം. അതിൽ കോൺഗ്രസും ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും കപിൽ സിബൽ വ്യക്തമാക്കി.
കോൺഗ്രസിന്റെ ചിന്തൻ ശിബിരം ഉദയ്പൂരിൽ ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പേ തന്നെ കോൺഗ്രസ് വിടാനുള്ള തീരുമാനമെടുത്തിരുന്നു. എന്തുകൊണ്ട് ഇതുവരെ ആ തീരുമാനത്തെ കുറിച്ചുള്ള വാർത്ത പുറത്തായില്ല എന്നാണിപ്പോൾ ഞാൻ ചിന്തിക്കുന്നത്. തീരുമാനം വെറും തമാശയായിരുന്നില്ലെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി.
കോൺഗ്രസ് നേതൃത്വം മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയച്ച ജി.23 വിമതഗ്രൂപ്പിലെ പ്രധാനമുഖമായിരുന്നു കപിൽ സിബൽ. ‘എല്ലാവരുമായും ഇപ്പോഴും നല്ല സൗഹൃദമാണ്. അത് ഇനിയും തുടരും’. കപിൽ സിബൽ അറിയിച്ചു.