ട്വന്റി 20-യിൽ കളിപഠിപ്പിക്കാൻ ലക്ഷ്മൺ

0
251

മുംബൈ: ജൂണിൽ അയർലൻഡിൽ പര്യടനം നടത്താനൊരുങ്ങുന്ന ഇന്ത്യൻ ടീമിന്റെ പരിശീലകനായി മുൻ താരം വി.വി.എസ് ലക്ഷ്മൺ എത്താൻ സാധ്യത. അയർലൻഡിൽ രണ്ട് ട്വന്റി 20 മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കായി പോകുന്ന ടീമിനെയാകും ലക്ഷ്മൺ പരിശീലിപ്പിക്കുക. ഇഗ്ലണ്ടിൽ ഒരു ടെസ്റ്റും ട്വന്റി 20 – ഏകദിന മത്സരങ്ങളുമടങ്ങുന്ന പരമ്പരയ്ക്കായി പോകുന്ന ടീമിനൊപ്പം മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ് പോകുന്ന സാഹചര്യത്തിലാണിത്.

ജൂൺ 26, 28 തീയതികളിലാണ് അയർലൻഡിനെതിരായ ഇന്ത്യയുടെ ട്വന്റി 20 മത്സരങ്ങൾ. ഈ പരമ്പരയ്ക്കായി പോകുന്ന ടീമിനെയാകും ലക്ഷ്മൺ പരിശീലിപ്പിക്കുക. ജൂലായിലാണ് ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം. കഴിഞ്ഞ വർഷം ഇന്ത്യൻ ക്യാമ്പിൽ കോവിഡ് ബാധിച്ചതിനെ തുടർന്ന് മാറ്റിവെച്ച ഒരു ടെസ്റ്റ് മത്സരവും ഇംഗ്ലണ്ടിനെതിരേ കളിക്കും. ജൂലായ് ഒന്നു മുതൽ അഞ്ചുവരെയാണ് ഈ മത്സരം. തുടർന്ന് മൂന്ന് ട്വന്റി 20-യും മൂന്ന് ഏകദിനങ്ങളും അടങ്ങുന്ന പരമ്പര നടക്കും. ഈ ടീമിനൊപ്പം രാഹുൽ ദ്രാവിഡ് ഉണ്ടാകും.

ഐ.പി.എല്ലിനു പിന്നാലെ ഇന്ത്യൻ ടീമിന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പര കളിക്കാനുണ്ട്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരക്ക് ജൂൺ ഒമ്പതിനാണ് തുടക്കമാകുക. ഈ പരമ്പരയിൽ ഇന്ത്യയുടെ സീനിയർ താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ച് യുവതാരങ്ങൾക്ക് അവസരം നൽകാനാണ് ടീമിന്റെ പദ്ധതി.

LEAVE A REPLY

Please enter your comment!
Please enter your name here