ഇനി ടൂർ പോകാനും സ്‌കൂളിൽ പഠിപ്പിക്കും; ടൂറിസം വകുപ്പുമായി ചേർന്ന് സിബിഎസ്ഇ ക്ലബ്ബുകൾ

0
92

കോട്ടയം: വിനോദസഞ്ചാര വൈവിധ്യങ്ങളിലേക്ക് യുവതലമുറയെ ക്ഷണിച്ച് സ്കൂളുകളിൽ ടൂറിസം ക്ലബ്ബുകൾ വരുന്നു. കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം ആവിഷ്കരിച്ച പദ്ധതിയുമായി സഹകരിക്കാൻ സി.ബി.എസ്.ഇ. ധാരണയായി.

പരമാവധി സി.ബി.എസ്.ഇ. വിദ്യാലയങ്ങളിൽ പുതിയ അധ്യയനവർഷം ടൂറിസം ക്ലബ്ബുകൾ രൂപവത്കരിക്കും. പാഠ്യപദ്ധതിയുടെ ഭാഗമായി വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കാമെന്നത് പ്രയോജനപ്പെടുത്തിയാണ് വിനോദസഞ്ചാരമേഖലയ്ക്ക് പ്രാധാന്യം കിട്ടത്തക്കവിധം പദ്ധതി നടപ്പാക്കുന്നത്.

ഏഴുമുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾ ഉൾപ്പെടുന്ന ക്ലബ്ബുകളിലൂടെ വിനോദസഞ്ചാര പ്രോത്സാഹനത്തിനായുള്ള പരിപാടികൾ നടത്തും. ആഴ്ചയിലൊരിക്കലെങ്കിലും ടൂറിസവുമായി ബന്ധപ്പെട്ട പരിപാടി ക്ലബ്ബ് ഏറ്റെടുത്ത് നടത്തും. അധ്യാപകരും രക്ഷിതാക്കളുമുൾപ്പെട്ട സമിതിയുടെ നിയന്ത്രണത്തിൽ യാത്രകൾ ഏറ്റെടുക്കാനും അനുമതിയുണ്ട്.

ക്ലബ്ബ് എക്സിക്യൂട്ടീവിലൂടെ സാമ്പത്തികമാനേജ്മെന്റ് ഉൾപ്പെടെയുള്ള പരിശീലനവും ലഭിക്കും. കേന്ദ്രസർക്കാരിന്റെ ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പരിപാടിയുടെ കീഴിൽ ഉല്ലാസയാത്ര, ഓൺലൈൻ അല്ലെങ്കിൽ ഇടൂറിസം, വിവിധ സംസ്ഥാനങ്ങളിൽനിന്ന് കുട്ടികൾക്ക് തൂലികാസുഹൃത്ത് സമ്പാദനം, മറ്റുസംസ്ഥാനങ്ങളുടെ ഭാഷ സംസാരിക്കാൻ പഠിക്കൽ എന്നിവയുമുണ്ടാവും.

ടൂറിസം ക്ലബ്ബുകളുടെ നടത്തിപ്പിനായി സ്കൂളുകൾക്കായുള്ള കൈപ്പുസ്തകം ടൂറിസം മന്ത്രാലയം തയ്യാറാക്കി. അധ്യയനവർഷാരംഭത്തിൽത്തന്നെ സ്കൂളുകളിൽ ഇവ സി.ബി.എസ്.ഇ. വിതരണംചെയ്യും.

വിനോദസഞ്ചാരത്തോടുള്ള അഭിനിവേശം പഠിതാക്കളിൽ ജ്വലിപ്പിക്കുക. പ്രകൃതിദത്തവും സാംസ്കാരികവുമായ യാത്രാ പൈതൃകത്തെക്കുറിച്ച് ബോധവത്കരിക്കുക. ഉത്തരവാദിത്ത ടൂറിസം രീതികൾ പഠിപ്പിക്കുക, പ്രചരിപ്പിക്കുക. സാഹസിക, കായിക വിനോദസഞ്ചാരത്തിലൂടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക. ആതിഥ്യമര്യാദ, ടൂറിസം മേഖലകളിലെ വിദഗ്ധരായ പ്രൊഫഷണലുകളും സംരംഭകരുമായി പഠിതാക്കളെ മാറ്റുക. രണ്ടാഴ്ചയിലൊരിക്കലെങ്കിലും സഞ്ചാരവുമായി ബന്ധപ്പെട്ട് ഫോട്ടോഗ്രാഫി, പോസ്റ്റർ, ചിത്രരചന, സംവാദം എന്നിവ നടത്തുക. സ്കൂൾ പരിസരത്ത് ടൂറിസം ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി ഏറ്റെടുത്ത് പ്രാദേശിക സഞ്ചാരികളെ ആകർഷിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here