1.8 ലക്ഷത്തിനു മുകളിലാണ് സൂപ്രണ്ടിന്റെ അടിസ്ഥാന ശമ്പളം. 20 ശതമാനമാണ് നോണ്‍ പ്രാക്ടീസിങ് അലവന്‍സ്. അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം പേഷ്യന്റ് കെയര്‍ അലവന്‍സുമുണ്ട്. സൂപ്രണ്ട് ആയതിനാല്‍ ഇതു കൂടാതെ അഡ്മിനിസ്‌ട്രേറ്റീവ് അലവന്‍സായി 6,000 രൂപയും. അടിസ്ഥാനശമ്പളവും നോണ്‍ പ്രാക്ടീസിങ് അലവന്‍സും ചേര്‍ന്ന തുകയുടെ 17 ശതമാനമാണ് ഡി.എ. ആയി നല്‍കുന്നത്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ സ്വകാര്യപ്രാക്ടീസ് ചെയ്യരുതെന്ന നിയമം ലംഘിച്ച് തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് സൂപ്രണ്ട്. സര്‍ജനായ ഡോ. ബിജു കൃഷ്ണന്‍ കൊല്ലങ്ങളായി സ്വന്തം വീടിനോടുചേര്‍ന്ന് പ്രത്യേക പരിശോധനാമുറിയൊരുക്കിയാണ് പ്രാക്ടീസ്. 2010 മുതല്‍ സ്വകാര്യ പ്രാക്ടീസ് നിരോധിച്ചിരിക്കുന്നതിനാല്‍ പ്രതിമാസം 65,000ഓളം രൂപ അധികമായി സര്‍ക്കാരില്‍നിന്ന് നിയമപ്രകാരം സൂപ്രണ്ട് കൈപ്പറ്റുന്നുമുണ്ട്.
പാടൂക്കാട് സെന്ററില്‍നിന്ന് 100 മീറ്റര്‍ ഉള്ളിലേക്ക് മാറിയുള്ള വീട്ടില്‍ ആഴ്ചയില്‍ ആറു ദിവസവും വൈകീട്ട് അഞ്ചു മുതല്‍ രാത്രി എട്ടര വരെയാണ് പരിശോധന.
300 മുതല്‍ 500 വരെയാണ് ഫീസ്. ബുക്കുചെയ്ത് പരിശോധനയ്ക്ക് എത്താനുള്ള മൊബൈല്‍ ഫോണ്‍ നമ്പരും പ്രചരിപ്പിച്ചിട്ടുണ്ട്. അടുത്തുള്ള ഒരു മെഡിക്കല്‍ സ്റ്റോറിലാണ് ഈ നമ്പരില്‍ വിളിക്കുമ്പോള്‍ എടുക്കുക. ടോക്കണ്‍ നമ്പര്‍ പറഞ്ഞുതരുന്നതും മെഡിക്കല്‍ സ്റ്റോറില്‍നിന്നാണ്.