‘പാർട്ടിയുടെ ഭാവിയിൽ ശുഭാപ്തി വിശ്വാസം; കോൺഗ്രസില്ലാതെ ഒരു പ്രതിപക്ഷ നിരയ്ക്ക് പ്രസക്തിയില്ല’

0
40

ന്യൂഡൽഹി: കോൺഗ്രസിന്റെ ഭാവിയിൽ ശുഭാപ്തി വിശ്വാസമുണ്ടെന്ന് മുതിർന്ന നേതാവ് എ.കെ. ആന്റണി. ദേശീയ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ഇന്ത്യയിൽ എല്ലാ വാർഡിലും ഗ്രാമങ്ങളിലും എല്ലാ സംസ്ഥാനങ്ങളിലും അഞ്ച് പ്രവർത്തകരെങ്കിലുമുള്ള പാർട്ടി കോൺഗ്രസാണ്. 2024-ൽ ഭരണമാറ്റമുണ്ടാകണമെന്ന് യഥാർത്ഥത്തിൽ ആഗ്രഹമുണ്ടെങ്കിൽ കോൾഗ്രസിന്റെ മുഖ്യപങ്കാളിത്വം അംഗീകരിക്കണം. കോൺഗ്രസിനെ ഒഴിവാക്കി സാധിക്കുമെന്ന് പറയുന്നവർ സ്വപ്ന ജീവികളാണെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.

പാർലമെന്ററി രാഷ്ട്രീയം പൂർണമായും വിട്ടു, ദേശീയ രാഷ്ട്രീയത്തിൽ നിന്ന് ക്രമേണ മാറി നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ആൻറണി പറഞ്ഞു. ഇനി താൻ കേരളത്തിൽ പ്രവർത്തിക്കുമെന്നും ആന്റണി പറഞ്ഞു. എല്ലാത്തിനും ഒരു സമയമുണ്ട്. സമയമാകുമ്പോൾ ഒഴിയണം എന്ന അഭിപ്രായമാണ് ഉള്ളത്, അത് ആരായാലും. ഇതുവരെ ഒരു സ്ഥാനത്തുനിന്ന് ആരും ഇറക്കിവിട്ടിട്ടില്ല. ഇറങ്ങിപ്പോകണമെന്ന് തോന്നിയപ്പോൾ ഇറങ്ങിയിട്ടുണ്ട്. സമയമാകുമ്പോൾ ഒരു ഉൾവിളി വരാറുണ്ട്. ഇനി തുടരുന്നത് ശരിയല്ല എന്ന് തോന്നാറുണ്ട്.

ഇന്ദിരാ ഗാന്ധിയുടെ കാലത്ത് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗമായതാണ്. 1984ൽ ഇന്ദിരാഗാന്ധിയാണ് വർക്കിങ് കമ്മറ്റിയിലേക്ക് നോമിനേറ്റ് ചെയ്തത്. ജനറൽ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തു. ഇന്ദിരാ ഗാന്ധി മുതലുള്ള കോൺഗ്രസ് പ്രസിഡന്റുമാരുടെ കൂടെ 35 വർഷത്തോളം വർക്കിങ് കമ്മിറ്റിയിൽ തുടർന്നു. ഇത് പോരെ?, ഇതിൽ അപ്പുറത്ത് ആഗ്രഹിക്കുന്നത് ശരിയല്ല, ആന്റണി പറഞ്ഞു.

കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ തന്നേപ്പോലെ പാർട്ടി സഹായിച്ച, സൗകര്യം നൽകിയ, അവസരങ്ങൾ നൽകിയ നേതാവ് കേരളത്തിൽ വേറെയില്ലെന്നും ആന്റണി പറഞ്ഞു. തനിക്ക് തന്നെ ഇക്കാര്യത്തിൽ അതിശയമാണ്. ജനങ്ങളും ഒരുപാട് അവസരങ്ങൾ നൽകി. ലഭിച്ച സ്ഥാനമാനങ്ങളിൽ 101 ശതമാനം സംതൃപ്തനാണ്. കേരളത്തിലെത്തിയാൽ പാർട്ടിക്ക് ഏതെങ്കിലും നിലയിൽ പ്രയാസം ഉണ്ടാക്കാനിടയുള്ള പ്രവർത്തനം നടത്തില്ല.

LEAVE A REPLY

Please enter your comment!
Please enter your name here