ഇന്ധനം നിറയ്ക്കാൻ മലയാളി അയൽപക്കത്തേക്ക് തള്ളിക്കയറുന്നു

0
62

കേരളത്തില്‍ നിന്നും അതിര്‍ത്തി കടന്ന് മലയാളികൾ അയല്‍ സംസ്ഥാനങ്ങളിലേക്ക്

ഇന്ധന വില കുറഞ്ഞതോടെ, കേരളത്തില്‍ നിന്നും അതിര്‍ത്തി കടന്ന് മലയാളികൾ അയല്‍ സംസ്ഥാനങ്ങളിലേക്ക്, പെട്രോളും, ഡീസലും നിറയ്ക്കാന്‍ പോകുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും, കര്‍ണാടകയിലും എത്തി ഫുള്‍ ടാങ്ക് അടിക്കുകയാണ് പലരും. അയല്‍ സംസ്ഥാനങ്ങളില്‍ ഇന്ധന വില കുറയാന്‍ കാരണം കേന്ദ്രസര്‍ക്കാര്‍ കുറച്ച അധിക നികുതിക്കു പുറമേ സംസ്ഥാനങ്ങളും നികുതി കുറച്ചതാണ്. തമിഴ്‌നാട് മുമ്പ് തന്നെ നികുതി നിരക്ക് കുറച്ചിരുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ യാത്ര ചെയ്തു തിരികെ വരുന്നവരും ദിവസേന ജോലിക്കു പോയി വരുന്നവരും എണ്ണയടിച്ചാണ് കേരളത്തിലേക്ക് വരുന്നത്.

ഇന്ധനവിലയിലെ വ്യത്യാസവും, മലയാളികളുടെ തള്ളിക്കയറ്റവും കാരണം കര്‍ണാടകയിലെ പമ്പുടമകള്‍ നിരവധി തന്ത്രങ്ങളും പയറ്റുന്നുണ്ട്. മലയാളി വാഹനയുടമകളെ ആകര്‍ഷിക്കാനായി വിലക്കുറവ് കാണിച്ച് മലയാളത്തില്‍ അച്ചടിച്ച നോട്ടീസുമായി വിപണന തന്ത്രം മെനയുകയാണ് കര്‍ണാടകയിലെ പമ്പുടമകള്‍. നികുതിയില്‍ കുറവുവരുത്തിയതോടെ കര്‍ണാടകയിലെ ഡീസലിന് ഏഴുരൂപയും പെട്രോളിന് അഞ്ചുരൂപയും കുറഞ്ഞിരുന്നു. കേരളത്തിലേക്ക് വരുന്ന ചരക്കുവാഹനങ്ങള്‍ ഇപ്പോള്‍ കര്‍ണാടകയില്‍നിന്നാണ് ഫുള്‍ടാങ്ക് ഇന്ധനം നിറയ്ക്കുന്നത്. വയനാട്ടില്‍നിന്ന് ചരക്കുമായിപ്പോകുന്ന വാഹനങ്ങളും തിരികെവരുമ്പോള്‍ കര്‍ണാടകയില്‍നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്.

കേരളത്തിലെ അതിര്‍ത്തി പ്രദേശങ്ങളിലെ പമ്പുകളില്‍ ജനങ്ങള്‍ ഇന്ധനം നിറയ്ക്കാന്‍ എത്താത്തത് വില്‍പ്പനയെ കാര്യമായി ബാധിക്കുന്നുണ്ട്. മാഹിയിലെ വിലക്കുറവ് കാരണം വടകര, ടൗണിലെയും പരിസരങ്ങളിലെയും പമ്പുകളില്‍ 10 മുതല്‍ 50 വരെ ശതമാനം വ്യാപാരം കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ ദിവസം ശരാശരി 1.2 കോടി ലിറ്റര്‍ ഇന്ധനം വില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 60 ശതമാനത്തോളം ഡീസലും 40 ശതമാനത്തോളം പെട്രോളുമാണ് വില്‍ക്കുന്നത്. പെട്രോള്‍ ഇനത്തില്‍ ദിവസം 47 കോടി രൂപയുടെയും ഡീസല്‍ ഇനത്തില്‍ 63 കോടി രൂപയുടെയും വ്യാപാരമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഈ വരുമാനത്തില്‍ ഇപ്പോള്‍ വന്‍ കുറവാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. വില്‍പ്പന കുറയുന്നത് കേരളത്തിന്റെ നികുതി വരുമാനവും കുറയുന്നതിന് കാരണമാകും.

ഇന്ധന വിലയിലെ അധിക നികുതി കേന്ദ്രസര്‍ക്കാര്‍ വേണ്ടെന്നു വച്ചതോടെ 19 ഓളം സംസ്ഥാനങ്ങള്‍ തങ്ങളുടെ നികുതിയും കുറച്ച് രംഗത്തു വന്നിരുന്നു. എന്നാല്‍, കേരളം ഉള്‍പ്പെടെ ബിജെപി ഇതര ഭരണമുള്ള സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here