കോഴിക്കോട്: കൂടത്തായി കേസിൽ വ്യാജ പ്രചാരണം നടക്കുന്നതായി റിപ്പോർട്ടുകൾ.കേസിന്റെ വിചാരണയെ ബാധിക്കുന്ന രീതിയിലുള്ള വ്യാജ പ്രചാരണമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് എസ്പി കെജി സൈമൺ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചില അഭിഭാഷകരാണ് വ്യാജപ്രചരണം നടത്തുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
രണ്ട് അഭിഭാഷകരെ കേസിലുൾപ്പെടുത്തിയതാണ് വ്യാജ പ്രചാരണത്തിന് കാരണമെന്നാണ് സൂചന. കോഴിക്കോട് ബാറ് അസോസിയേഷനിലെ ചില അഭിഭാഷകർ ഇതിനായി രഹസ്യ യോഗം ചേർന്നുവെന്നും ഇവർ സോഷ്യൽ മീഡിയയിലൂടെ വ്യാജപ്രചാരണം നടത്തുന്നുവെന്നുമാണ് റിപ്പോർട്ടിലുള്ളത്.
കേസിൽ ഒരു അഭിഭാഷകനെ പ്രതിചേർക്കുകയും ജോളി ആദ്യം നിയമോപദേശം തേടിയ മറ്റൊരു അഭിഭാഷകനെ സാക്ഷിയാക്കി ചേർക്കുകയും ചെയ്തിരുന്നു. ഇതാണ് വ്യാജപ്രചാരണത്തിന് അഭിഭാഷകരെ പ്രേരിപ്പിച്ചത്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ താൻ അറസ്റ്റ് ചെയ്തത്. എന്നാൽ ഇവർ യഥാർത്ഥ പ്രതികളല്ലെന്നുള്ള വ്യാജ പ്രചരണവും നടത്തുന്നുണ്ട്. ഇത് കേസിനെ അട്ടിമറിക്കാൻ ഇടയാക്കുമെന്നും പറയുന്നു.ജൂൺ 22 നാണ് എസ്പി സൈമൺ ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്.