കണ്ണൂർ : പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് രോഗികളെ നിരീക്ഷിക്കാൻ ഇനി റോബോട്ടും.‘ടോമോഡാച്ചി’ എന്ന് പേര് നൽകിയ റോബോട്ടിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി ആരോഗ്യമന്ത്രി കെ കെ ശൈലജ നിർവഹിച്ചു.
കൊവിഡ് രോഗികളെ ഇനി ആദ്യം പരിശോധിക്കുക ഈ റോബോട്ടായിരിക്കും. രോഗിയുടെ വിവരങ്ങൾ ടോമോഡാച്ചി അപ്പപ്പോൾ ഡോക്ടർമാർക്കും നഴ്‌സുമാർക്കും കൈമാറും. ഇത്തരത്തിലുള്ള സംസ്ഥാനത്തെ ആദ്യത്തെ റോബോട്ട് സംവിധാനമാണിത്.ടോമോഡാച്ചി എന്ന ജപ്പാനീസ് പദത്തിന്റെ അർത്ഥം സുഹൃത്ത് എന്നാണ്.
ആൻഡ്രോയിഡ് വേർഷനിൽ ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ഹൈ റെസലൂഷൻ ക്യാമറ ഉൾപ്പടെ നൂതന സംവിധാനങ്ങളോടെയാണ് റോബോട്ടിനെ തയാറാക്കിയിരിക്കുന്നത്.ഐസിയു മോണിറ്ററിൽ തെളിയുന്ന വെന്റിലേറ്റർ ഗ്രാഫ്, ഇസിജി ഗ്രാഫ്, ബിപി, ഓക്‌സിജൻ സാച്ചുറേഷൻ, ഹാർട്ട് റേറ്റ് എന്നിവയെല്ലാം പുറത്തുനിന്നുതന്നെ നിരീക്ഷിക്കാനും കഴിയും.
ബെഡ് നമ്പർ അമർത്തിയാൽ ഓരോ രോഗിയുടെയും വിശദാംശങ്ങൾ റോബോട്ട് ലഭ്യമാക്കും.ഐസിയു രോഗികളടക്കമുള്ളവരെ മുഴുവൻ നേരം നിരീക്ഷിക്കാനും ഇത് വഴി സാധ്യമാകും. അഞ്ചരക്കണ്ടി മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും തിങ്ക് ഫോ ടെക്കുമായി ചേർന്നാണ് ഈ റോബോർട്ട് രൂപകൽപ്പന ചെയ്തത്. രണ്ട് ലക്ഷത്തോളം രൂപയാണ് ചെലവ്.