രാം ​ഗോപാൽ വർമയ്ക്കെതിരെ കേസ്

0
71

കടം വാങ്ങിയ പണം തിരികെ കൊടുക്കാതെ വഞ്ചിച്ചു എന്ന നിർമാതാവിന്റെ ആരോപണത്തിൽ സംവിധായകൻ രാം​ഗോപാൽ വർമയ്ക്കെതിരെ കേസ്. സൈബരാബാദ് പോലീസ് കമ്മീഷണറേറ്റ് പരിധിയിലെ മിയാപുർ പോലീസാണ് വർമയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. ശേഖര ആർട്ട് ക്രിയേഷൻസിന്റെ കൊപ്പാട ശേഖർ രാജു എന്ന നിർമാതാവാണ് ആർ.ജി.വിക്കെതിരെ രം​ഗത്തെത്തിയത്.

ദിഷ എന്ന ചിത്രം നിർമിക്കാനായി 56 ലക്ഷം രൂപയാണ് രാം ​ഗോപാൽ വർമ ശേഖർ രാജുവിൽനിന്ന് വാങ്ങിയത്. പൊതുസുഹൃത്തായ രമണ റെഡ്ഡി വഴിയാണ് സംവിധായകൻ ശേഖറിനെ സമീപിച്ചത്. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് പണം തിരികെ നൽകാമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇതുപ്രകാരം 2020 ജനുവരിയിൽ എട്ടു ലക്ഷം രൂപ ആദ്യം നൽകി. ഏതാനും ദിവസങ്ങൾക്ക് ശേഷം 20 ലക്ഷം കൂടി നൽകി. ഈയവസരത്തിൽ പണം ആറുമാസത്തിനുള്ളിൽ തിരിച്ചുനൽകാമെന്ന് രാം ​ഗോപാൽ വർമ അറിയിച്ചു.

2020 ഫെബ്രുവരിയിൽ‌ രാം ​ഗോപാൽ വർമ സമീപിച്ചതനുസരിച്ച് 28 ലക്ഷം കൂടി ശേഖർ നൽകി. പക്ഷേ, 2021 ജനുവരിയിൽ രാം ​ഗോപാൽ വർമയല്ല ദിഷ എന്ന ചിത്രത്തിന്റെ നിർമാതാവ് എന്ന് താൻ മനസിലാക്കിയെന്ന് ശേഖർ പരാതിയിൽ പറയുന്നു. ആർ.ജി.വി തന്നെ പറ്റിക്കുകയായിരുന്നെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here