ട്വിറ്ററിൽ ആരാധകൻെറ ചോദ്യത്തിന് ഉത്തരമായാണ് അക്തർ ഇതിഹാസ താരങ്ങളിൽ ഒരാളെ തെരഞ്ഞെടുത്തത്. ടെസ്റ്റിലെ പ്രകടനത്തിൻെറ അടിസ്ഥാനത്തിൽ ആരാണ് കേമനെന്നായിരുന്നു ചോദ്യം.
ട്വിറ്ററിൽ എന്ത് ചോദ്യം ചോദിച്ചാലും ഉത്തരം പറയാനായി ആരാധകർക്ക് അവസരം ഒരുക്കിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. 20 മിനിറ്റിനുള്ളിൽ എന്ത് വേണമെങ്കിലും ചോദിക്കാമെന്നും അതിന് താൻ ഉത്തരം നൽകുമെന്നും അദ്ദേഹം അറിയിച്ചതോടെ നിരവധി ചോദ്യങ്ങളാണ് തേടിയെത്തിയത്. പൊതുവിൽ ആരാധകരുടെ മിക്ക ചോദ്യങ്ങൾക്കും അക്തർ ഉത്തരം നൽകുകയും ചെയ്തു.
കൂട്ടത്തിൽ അൽപം കടുപ്പിക്കുന്ന ചോദ്യമായിരുന്നു സച്ചിൻ ടെണ്ടുൽക്കറാണോ രാഹുൽ ദ്രാവിഡാണോ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാൻ എന്നത്. കണക്കിലും റെക്കോർഡിലും സച്ചിൻ തന്നെയാണ് മുന്നിൽ. റൺസും സെഞ്ച്വറികളുമൊക്കെ സച്ചിന് തന്നെ കൂടുതൽ. എന്നാൽ അക്തറിൻെറ ഉത്തരം രാഹുൽ ദ്രാവിഡെന്നാണ്. ഇന്ത്യൻ ക്രിക്കറ്റിൻെറ മതിലെന്നാണ് ദ്രാവിഡ് അറിയപ്പെടുന്നത്.
രോഹിതിനെയും ധോണിയെയും ഒറ്റവാക്കിൽ വിശേഷിക്കാനാവുമോയെന്നും ആരാധകർ അക്തറിനോട് ചോദിച്ചു. രോഹിതിൻെറ കാര്യത്തിൽ അതിന് പറ്റിയ വാക്ക് മാർക്കറ്റിൽ കിട്ടിയാൽ പറയാമെന്നായിരുന്നു അക്തറിൻെറ മറുപടി. ധോണിയെ ഒരു ‘യുഗത്തിൻെറ പേര്’ എന്നാണ് അക്തർ വിശേഷിപ്പിച്ചത്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസർ മിൽൽ സ്റ്റാർക്കാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.