പള്ളി തർക്കം: പിടിച്ചെടുത്ത പള്ളികളിൽ പ്രവേശിക്കാനൊരുങ്ങി യാക്കോബായ വിഭാഗം, സംഘർഷ സാധ്യത.

0
84

കോട്ടയം: സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന്‌ ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിന്‌ സര്‍ക്കാര്‍ കൈമാറിയ 52 പള്ളികളില്‍ വീണ്ടും പ്രവേശിക്കാനൊരുങ്ങി യാക്കോബായ വിഭാഗം. ഇതനുസരിച്ച്‌ പള്ളികളിലേക്ക്‌ യാക്കോബായ വിഭാഗക്കാര്‍ എത്തിത്തുടങ്ങി. മുളന്തുരുത്തി പഴയ പള്ളിയിലേക്ക്‌ എത്തിയ യാക്കോബായ വിശ്വാസികള്‍ പള്ളിയിലേക്ക്‌ പ്രവേശിക്കാനുള്ള തീരുമാനത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണ്‌.

 

പള്ളിക്ക്‌ പുറത്തായി സജ്ജീകരിച്ച യാക്കോബായ താല്‍കാലിക പ്രാര്‍ഥനാ കേന്ദ്രത്തില്‍ കുര്‍ബാന നടത്തിയ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ബിഷപ്‌ ജോസഫ്‌ മാര്‍ ഗ്രിഗോറിയസ്‌ പള്ളിമുറ്റത്തെത്തി. പ്രദേശത്ത്‌ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്‌. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത്‌ പ്രദേശത്ത്‌ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്‌.പള്ളിയില്‍ പ്രവേശിക്കാനെത്തിയ യോക്കോബായ വിഭാഗത്തിനെ തടയാനാണ്‌ പൊലീസിന്റെ തീരുമാനം.

 

നേരത്തെ വടവുക്കോട്‌ സെന്റ്‌ മേരീസ്‌ പള്ളിയിലും, കായംകുളം കട്ടച്ചിറ പള്ളിയിലും പ്രവേശിക്കാനുള്ള സഭാ വിശ്വാസികളുടെ നീക്കം പൊലീസ്‌ തടഞ്ഞു. പള്ളിക്ക്‌ പള്ളിക്ക്‌ മുന്നില്‍ യോക്കോബായ സഭാ വിശ്വാസികള്‍ പ്രതിഷേധിക്കുകയാണ്‌. എന്നാല്‍ കോടതി വിധി മറികടക്കാന്‍ അനുവദിക്കില്ലെന്ന്‌ പൊലീസ്‌ വ്യക്തമാക്കി.

 

വിശ്വാസികള്‍ പള്ളിയില്‍ പ്രവേശിക്കുന്നതിന്‌ തടസമില്ലെന്ന നിലപാടിലാണ്‌ ഓര്‍ത്തഡോക്‌സ്‌ സഭ. വിശ്വാസികള്‍ക്ക്‌ വരാമെങ്കിലും സഭാ വൈദികരെയും ബിഷപ്പുമാരെയും പള്ളികളില്‍ പ്രവേശിപ്പിക്കില്ലെന്നാണ്‌ ഓര്‍ത്തഡോക്‌സ്‌ സഭയുടെ നിലപാട്‌. മുളന്തുരുത്തി, പിറവം അടക്കമുള്ള 52 പള്ളികളില്‍ പ്രവേശിക്കുമെന്നാണ്‌ യാക്കോബായ വിഭാഗം നിലപാട്‌ അറിയിച്ചിരിക്കുന്നത്‌. പള്ളികള്‍ കൈമാറുന്നതിനെതിരെ യാക്കോബായ സഭ നടത്തുന്ന സമര പരിപാടികളുടെ ഭാഗമായാണ്‌ പള്ളികളില്‍ വീണ്ടും പ്രവേശിക്കാന്‍ ശ്രമിക്കുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here