ന്യൂഡല്‍ഹി : സുതാര്യവും ഉത്തരവാദിത്വപരവുമായ ഭരണപ്രക്രിയയുടെ ഏറ്റവും വലിയ ശത്രു അഴിമതിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിജിലന്‍സ് ആന്‍ഡ് ആന്റി – കറപ്ഷന്‍ നാഷണല്‍ കോണ്‍ഫറന്‍സിനെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘ നമ്മുടെ ഭരണസംവിധാനങ്ങള്‍ ജനങ്ങള്‍ക്ക് സുതാര്യവും, ഉത്തരവാദിത്വപരവും ഉത്തരം നല്‍കേണ്ട ചുമതലയുള്ളതും ആകേണ്ടത് വികസനത്തിന്റെ അനിവാര്യഘടകമാണ്. അഴിമതിയാണ് ഇതിന്റെയെല്ലാം പ്രധാന ശത്രു. അഴിമതി വികസനത്തെ പ്രതികൂലമായി ബാധിക്കുകയും സമൂഹത്തിലെ സന്തുലിതാവസ്ഥയ്ക്ക് തടസം സൃഷ്ടിക്കുകയും ചെയ്യുന്നു.’ മോദി പറഞ്ഞു.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷികം ആഘോഷിക്കാന്‍ രാജ്യം ഒരുങ്ങുകയാണെന്നും അദ്ദേഹം ഇന്ത്യന്‍ ഭരണനിര്‍വഹണത്തിന്റെ വാസ്തുശില്പികളില്‍ ഒരാളാണെന്നും മോദി തന്റെ പ്രസംഗത്തിനിടെ പറഞ്ഞു.