വായും മൂക്കും മാത്രം മൂടുന്ന മാസ്ക് ധരിച്ചാലും കണ്ണിലൂടെ വൈറസ് ശരീരത്തില്‍ പ്രവേശിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഫെയ്സ് ഷീല്‍ഡ് ഉപയോഗിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഡോക്ടര്‍മാക്ക് നിര്‍ദ്ദേശം നല്‍കി. നിലവില്‍ മൂക്കും വായും മാത്രം മൂടാനാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. എന്നാല്‍ കണ്ണിലെ കോര്‍ണിയയിലും മറ്റുമുള്ള ലോലസ്തരങ്ങള്‍ വഴി കോറേോണ വൈറസ് പടരാന്‍ സാദ്ധ്യത ഉള്ളതിനാലാണ് ഷീല്‍ഡ് ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുന്നതെന്ന് ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ.പി. ഗോപീകൃഷ്ണന്‍ പറഞ്ഞു. തുമ്മലിലൂടെ വൈറസ് കണ്ണിലേക്കും തെറിക്കാം. മാത്രമല്ല പൊതു സ്ഥലങ്ങളില്‍ സ്പര്‍ശിച്ച ശേഷം കണ്ണില്‍ കൈ തൊട്ടാലും വൈറസ് പടരാം.
കോവിഡ് രോഗികളുമായി നേരിട്ട് ഇടപെടാത്ത ആരോഗ്യ പ്രവര്‍ത്തകരിലും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആശുപത്രികളിലും ക്ളിനിക്കുകളിലും സാധാരണ രോഗികളെ കാണുന്ന ഡോക്ടര്‍മാരും നെഴ്സുമാരും ഫെയ്സ് ഷീല്‍ഡ് ധരിക്കണമെന്ന് ഐ.എം.എ നിര്‍ദ്ദേശം നല്‍കുന്നത്.