തിരുവനന്തപുരം : കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന, പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയതായി സംസ്‌ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ഷൈലജ.മുമ്ബ് കോവിഡ് പോസറ്റീവ് ആയിട്ടുള്ള വ്യക്തിയാണെങ്കില്‍ രോഗമുക്തി നേടി ഒരു മാസം കഴിഞ്ഞതിനു ശേഷമേ മറ്റു രോഗികള്‍ക്കു കൂട്ടിരിക്കാന്‍ അനുവദിക്കുകയുള്ളു. കൂട്ടിരിക്കുന്നയാള്‍ കര്‍ശനമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കോവിഡ് ബോര്‍ഡിന്റെ നിര്‍ദ്ദേശാനുസരണം സൂപ്രണ്ടുമാര്‍ പരിചരണം ഉറപ്പാക്കാനുള്ള ക്രമീകരണം നടത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. രോഗിയുടെ അവസ്ഥയും സഹായത്തിന്റെ ആവശ്യകതയും മനസ്സിലാക്കി ആവശ്യമുള്ള കേസുകളിലായിരിക്കും സൂപ്രണ്ടുമാര്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുക. ഇക്കാര്യം കോവിഡ് ബോര്‍ഡും വിലയിരുത്തും. കൂട്ടിരിക്കുന്നയാള്‍ക്ക് പിപിഇ കിറ്റ് നിര്‍ബന്ധമാണ്. രോഗിയുടെ ബന്ധുവിന് കൂട്ടിരിപ്പുകാരനാകാം.