പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് ശബരിമല സന്നിധാനത്ത് എത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്കായി മികച്ച അന്നദാനവും ഡിജിറ്റൽ സഹായങ്ങളും കുറ്റമറ്റ സുരക്ഷാക്രമീകരണങ്ങളും ഒരുക്കി അധികൃതർ. പരാതിരഹിതവും സംതൃപ്തവുമായ തീർഥാടനം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി സന്നിധാനത്തെ അന്നദാന മണ്ഡപം മുതൽ പാതയോരങ്ങളിലെ വാഹന സഹായ കേന്ദ്രങ്ങൾ വരെ സജീവമായി പ്രവർത്തിക്കുന്നു.
മനം കവർന്ന് സന്നിധാനത്തെ അന്നദാനം
സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ ഉച്ചയ്ക്ക് വിളമ്പുന്ന പായസം ഉൾപ്പെടെയുള്ള കേരളീയ സദ്യയും പ്രഭാതഭക്ഷണത്തോടൊപ്പമുള്ള കേസരിയും അയ്യപ്പഭക്തരുടെ മനം കവരുകയാണ്. സദ്യ വളരെ മികച്ചതാണെന്നും ശബരിമലയിലെ ഉച്ചഭക്ഷണം കഴിക്കാതിരുന്നെങ്കിൽ അത് വലിയ നഷ്ടമാകുമായിരുന്നുവെന്നും ഹൈദരാബാദ് സ്വദേശി യു ഹേമന്ദ് തെലുങ്കിൽ പ്രതികരിച്ചു. പ്രഭാതഭക്ഷണത്തോടൊപ്പം നൽകുന്ന കേസരി ഗംഭീരമാണെന്ന് മലപ്പുറം പുലാമന്തോളിൽ നിന്നുള്ള 62കാരി വാസന്തിയമ്മയും സാക്ഷ്യപ്പെടുത്തി.
നവംബർ 24 വരെയുള്ള കണക്കുകൾ പ്രകാരം 1,35,471 പേരാണ് അന്നദാന മണ്ഡപത്തിൽ നിന്ന് ഭക്ഷണം കഴിച്ചത്. ഇതിൽ 44,788 പേർ പ്രഭാതഭക്ഷണവും 34,608 പേർ ഉച്ചസദ്യയും 56,075 പേർ അത്താഴവും കഴിച്ചു. ഒരേസമയം 1,000 പേർക്ക് ഇരിക്കാവുന്ന മണ്ഡപത്തിൽ പ്രതിദിനം ശരാശരി 18,000 ഭക്തർ എത്തുന്നുണ്ട്.
രാവിലെ 6.30 മുതൽ 11 വരെയാണ് പ്രഭാതഭക്ഷണത്തിൻ്റെ സമയം. ഇഡ്ഡലി, ദോശ, ഉപ്പുമാവ് എന്നിവയിലൊന്നിനൊപ്പം കേസരിയും ചൂടുള്ള ചുക്കുകാപ്പിയും നൽകുന്നു. ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെയാണ് പായസം ഉൾപ്പെടെയുള്ള കേരളീയ സദ്യ വിളമ്പുന്നത്. നെയ്യ്, പരിപ്പ്, സാമ്പാർ, പപ്പടം, അവിയൽ, മോരുകറി എന്നിവ ഉൾപ്പെടുന്ന സദ്യ കഴിക്കാൻ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പന്മാരാണ് അന്നദാന മണ്ഡപത്തിന് മുൻപിലെ വരിയിൽ കൂടുതലുള്ളത്. ഓരോ ദിവസവും മാറി മാറിയാണ് പായസം വിളമ്പുന്നത്.
വൈകിട്ട് 6.30ന് ആരംഭിക്കുന്ന അത്താഴത്തിന് കഞ്ഞിയും തോരനും കിഴങ്ങുവർഗങ്ങളും തേങ്ങയരപ്പും പ്രധാന ചേരുവകളായ അസ്ത്രവുമാണ് വിഭവങ്ങൾ. രാത്രി 11 വരെ അത്താഴം നൽകും. മൂന്ന് ഷിഫ്റ്റുകളിലായി 130 പേരാണ് ഭക്ഷണം വിളമ്പാനുള്ളത്.
തീർഥാടകർക്ക് തുണയായി ശബരി പോർട്ടൽ
ശബരിമല യാത്രയ്ക്കിടെ വാഹനം തകരാറിലായി വഴിയിൽ കുടുങ്ങുന്ന തീർഥാടകർക്ക് വലിയ ആശ്വാസമാവുകയാണ് പത്തനംതിട്ട ജില്ലാഭരണകൂടം വികസിപ്പിച്ച ശബരി പോർട്ടൽ. സീസൺ തുടങ്ങി ഒൻപത് ദിവസത്തിനുള്ളിൽ പോർട്ടലിലെ പബ്ലിക് ഗ്രീവൻസ് ലിങ്ക് വഴി ലഭിച്ച 458 പരാതികളിൽ 452 എണ്ണവും മോട്ടോർ വാഹന വകുപ്പ് പരിഹരിച്ചു. ഇതിൽ 444 എണ്ണം വാഹനങ്ങളുടെ ബ്രേക്ക്ഡൗൺ സംബന്ധിച്ചും 14 എണ്ണം അപകടങ്ങളെ തുടർന്നുള്ള സഹായത്തിനുമായിരുന്നു.
കുമളി മുതൽ പമ്പ വരെയുള്ള പാതകളിൽ അസമയത്ത് കുടുങ്ങിപ്പോകുന്ന ഇതരസംസ്ഥാന തീർഥാടകർക്ക് സ്ഥലമോ ഭാഷയോ അറിയാത്തത് വലിയ വെല്ലുവിളിയായിരുന്നു. പോർട്ടലിൽ വാട്സാപ്പ് നമ്പർ സഹിതം പരാതി നൽകുന്നതോടെ ഭക്തരുടെ കൃത്യമായ ലൊക്കേഷനും വാഹനത്തിൻ്റെ തകരാർ സംഭവിച്ച ഭാഗത്തിൻ്റെ ചിത്രവും ഇലവങ്കൽ കൺട്രോൾ റൂമിൽ ലഭിക്കുമെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം പ്രേംജിത്ത് വ്യക്തമാക്കി. തുടർന്ന് ഉടൻതന്നെ മെക്കാനിക്കിനെയോ ക്രെയിൻ സൗകര്യമോ സ്ഥലത്തെത്തിക്കും. ഇതിലൂടെ പ്രാദേശിക മെക്കാനിക്കുകൾ അമിത നിരക്ക് ഈടാക്കുന്നതിൽ നിന്ന് ഭക്തർക്ക് രക്ഷനേടാനാകുന്നു.
പരാതി നൽകിയാലുടൻ വാട്സാപ്പിൽ ലഭിക്കുന്ന ടോക്കൺ നമ്പർ ഉപയോഗിച്ച് പരാതിയുടെ നിലവിലെ അവസ്ഥ തത്സമയം അറിയാനും സാധിക്കും. പമ്പയിൽ നിന്നുള്ള കെഎസ്ആർടിസി ബസിൻ്റെ സമയവിവരങ്ങൾ അറിയാനും ഭക്ഷണം, ശുചിത്വം എന്നിവ സംബന്ധിച്ച പരാതികൾ നൽകാനും പോർട്ടലിൽ സൗകര്യമുണ്ട്. പത്തനംതിട്ട കലക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗം ജൂനിയർ സൂപ്രണ്ട് അജിത് ശ്രീനിവാസ്, റവന്യു ഇൻസ്പെക്ടർ ബി യഗേഷ് എന്നിവർ ചേർന്ന് വികസിപ്പിച്ച പോർട്ടൽ ഈ സീസണിൽ ഇതിനോടകം 20 ലക്ഷം പേർ സന്ദർശിച്ചു.
സുരക്ഷയൊരുക്കാൻ രണ്ടാം ബാച്ച് പൊലീസ്
തീർഥാടകർക്ക് സുഗമമായ ദർശനം ഉറപ്പാക്കാൻ 1,544 പൊലീസുകാർ ഉൾപ്പെടുന്ന രണ്ടാം ബാച്ച് സന്നിധാനത്ത് ചുമതലയേറ്റു. ശ്രീ ശാസ്താ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസർ ജി ജയദേവ് ബി ഫേസ് ബാച്ചിൻ്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. പ്രതിദിനം ഏകദേശം 70,000 ഭക്തർ എത്തുന്നുണ്ടെങ്കിലും വെർച്വൽ ക്യൂവിലൂടെയുള്ള കൃത്യമായ ഏകോപനം കാരണം നടപ്പന്തലിലും പതിനെട്ടാം പടിയിലും തിരക്ക് നിയന്ത്രിക്കാനാകുന്നുണ്ടെന്ന് സ്പെഷൽ ഓഫിസർ പറഞ്ഞു.
പതിനെട്ടാം പടി, സോപാനം, നടപ്പന്തൽ, മാളികപ്പുറം എന്നിവിടങ്ങളിലാണ് പുതിയ ബാച്ചിനെ വിന്യസിച്ചിരിക്കുന്നത്. ആദ്യ ബാച്ചായ എ ഫേസിലെ പൊലീസുകാർക്കൊപ്പം മൂന്ന് മണിക്കൂർ ഒരുമിച്ച് പ്രവർത്തിച്ച് ചുമതലകൾ മനസ്സിലാക്കിയ ശേഷമാണ് പുതിയ ബാച്ച് ചുമതലയേറ്റത്. ഇതിനിടെ ദക്ഷിണമേഖല ഐജി പി പ്രകാശ് പമ്പ, മരക്കൂട്ടം, പതിനെട്ടാം പടി, സോപാനം, മാളികപ്പുറം എന്നിവിടങ്ങൾ സന്ദർശിച്ച് സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തുകയും ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തു.






